പുല്‍വാമ ഭീകരാക്രണം: ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന സൂചന നല്‍കി ട്രംപ്

Posted on: February 23, 2019 9:36 am | Last updated: February 23, 2019 at 12:41 pm

വാഷിംഗ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് ബന്ധം വളരെ അപകടകരമായ അവസ്ഥയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കാന്‍ തങ്ങള്‍ ശ്രമിച്ചുവരികയാണ്. അടുത്തിടെ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. വളരെ ഭയാനകമായ സ്ഥിതിയാണ് നിലവിലുള്ളതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പുല്‍വാമ ആക്രമണം സംബന്ധിച്ച ചോദ്യത്തോട് ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. തിരിച്ചടിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അന്‍പതോളം പേരെ ഇതിനകം ഇന്ത്യക്ക് നഷ്ടമായി. ഇതും എനിക്ക് മനസ്സിലാക്കാനാകും. ഇരുരാജ്യങ്ങളുമായും യുഎസ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

നേരത്തേ, പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചും ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യക്കു പിന്തുണ ആവര്‍ത്തിക്കുന്നതായും ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്കെതിരേ പാക്കിസ്ഥാന്‍ കര്‍ശന നടപടിയെടുക്കണമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.