പ്രൊ വോളി ലീഗില്‍ ഇന്ന് ഫൈനല്‍; കപ്പടിക്കാന്‍ ഹീറോസ്

Posted on: February 22, 2019 5:20 pm | Last updated: February 22, 2019 at 5:41 pm

ചെന്നൈ: പ്രൊ വോളിബോള്‍ ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം. നിലം കുഴിക്കുന്ന സ്മാഷുകളുമായി എതിരാളികളെ വിറപ്പിക്കുന്ന കാലിക്കറ്റ് ഹീറോസും ചെന്നൈ സ്പാര്‍ട്ടന്‍സും തമ്മിലാണ് ഫൈനല്‍. തോല്‍വിയറിയാതെ കുതിച്ച കാലിക്കറ്റ് ഹീറോസിന് മാനസിക മുന്‍തൂക്കമുണ്ട്. വൈകീട്ട് ഏഴിനാണ് മത്സരം.

ലീഗ് റൗണ്ടില്‍ ചെമ്പടയുടെ ചൂടറിഞ്ഞിട്ടുണ്ട് സ്പാര്‍ട്ടന്‍സ്. ഒന്നിനെതിരെ നാല് സെറ്റുകള്‍ക്കായിരുന്നു ഹീറോസിന്റെ ജയം. അജിത്ത് ലാലിന്റെ ആകാശപ്രകടനം കണ്ട് കണ്ണ് തള്ളിപ്പോയവരാണ് ചെന്നൈ ടീം. എതിരാളികളെ നിഷ്പ്രഭമാക്കുന്നതാണ് കാലിക്കറ്റ് ടീമിന്റെ ശൈലി.

ജെറോം വിനീത്, പോള്‍ ലോട്മാന്‍, വിപുല്‍,കാര്‍ത്തിക്ക്, സികെ രതീഷ് എന്നിവരെല്ലാം അണിനിരക്കുന്ന ഹീറോസ് പ്രഥമ പ്രോ വോളി ലീഗിലെ സൂപ്പര്‍താര നിരയാണ്. അട്ടിമറി സംഭവിച്ചാലെ ചെന്നൈക്ക് കിരീട സാധ്യതയുള്ളൂ.