Connect with us

Editors Pick

ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താഴ്ന്നയാളെ രക്ഷപ്പെടുത്തിയ പോലീസുകാരന് സോഷ്യല്‍ മീഡിയയുടെ ബിഗ് സല്യൂട്ട്

Published

|

Last Updated

അജയനൊപ്പം സെല്‍ഫിയെടുക്കുന്ന അബ്ദുല്‍ കബീര്‍

കോഴിക്കോട്: ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങവെ കാല്‍ തെന്നിവീണ് മുങ്ങിത്താഴ്ന്നയാളെ രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് സോഷ്യല്‍ മീഡിയയുടെ ബിഗ് സല്യൂട്ട്. കൊട്ടാരക്കര കുന്നിക്കോട് മേലില വെസ്റ്റ് സ്വദേശിയും തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സെന്റര്‍ യൂനിറ്റിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ അബ്ദുല്‍ കബീറാണ് സോഷ്യല്‍ മീഡിയയില്‍ ഹീറോ ആയി മാറിയത്. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് ഭാര്യക്കും മക്കള്‍ക്കുമൊപ്പം തിരുവനന്തപുരത്ത് എത്തിയ കൊല്ലം നൂറനാട് സ്വദേശി അജയനെയാണ് കബീര്‍ രക്ഷപ്പെടുത്തിയത്.

കൊല്ലം നൂറനാട് സ്വദേശിയായ അജയന്‍ കുട്ടികളോടൊപ്പം ശ്രീവരാഹം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയാതായിരുന്നു. കാല്‍ തെന്നി കുളത്തിലെ ആഴമുള്ള ഭാഗത്ത് വീണ് മുങ്ങിത്താഴുകയായിരുന്ന അജയനെ രക്ഷിക്കുന്നതിനായി കുട്ടികള്‍ നിലവിളിക്കുന്നത് കേട്ടാണ് സമീപത്ത് പട്രോള്‍ ഡ്യുട്ടിയിലായിരുന്ന അബ്ദുല്‍ കബീര്‍ രക്ഷിക്കാനെത്തിയത്. 40 അടിയോളം ആഴമുള്ള ഭാഗത്ത്, യൂനിഫോമില്‍ തന്നെ എടുത്തുചാടി നിമിഷങ്ങള്‍ക്കകം അജയനെ മുങ്ങിയെടുത്ത് കരയിലെത്തിച്ചു.

കബീറിന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് അജയന് തന്റെ ജീവന്‍ തിരിച്ചുകിട്ടിയത്. ഇതെക്കുറിച്ച് കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടതോടെ ആയിരക്കണക്കിന് ആളുകളാണ് ലൈക്കുകളും കമന്റുകളുമായി കബീറിന്റെ നല്ലമനസ്സിനെ അഭിനന്ദിക്കുന്നത്.

Latest