പുല്‍വാമ ഭീകരാക്രമണം: ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ

Posted on: February 22, 2019 11:51 am | Last updated: February 22, 2019 at 12:49 pm

ഹേഗ്: പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെപേര് എടുത്തുപറയുന്ന പ്രമേയത്തെ സമിതി ഒറ്റക്കെട്ടായി പിന്തുണച്ചു. ഫ്രാന്‍സ് ആണ് പ്രമേയത്തിന് മുന്‍കൈയെടുത്തത്. പുല്‍വാമ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും ശിക്ഷിക്കാനും ശക്തമായ നടപടികള്‍ വേണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

ആക്രമണം നടത്തിയവരെ മാത്രമല്ല, ആസൂത്രണം നടത്തിയവരെയും സാമ്പത്തിക സഹായം നല്‍കിയവരെയും കണ്ടെത്തണമെന്നും കുറ്റക്കാരെ കണ്ടെത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങളോട് മറ്റ് അംഗരാജ്യങ്ങള്‍ സഹകരിക്കണമെന്നും 15 അംഗ രക്ഷാ സമിതി പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

ചൈന ഉള്‍പ്പെടെയുള്ള സ്ഥിരാംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചുവെങ്കിലും പ്രമേയത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പേര് പറയുന്നതിനെയും കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന് രേഖപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യക്കൊപ്പം നിന്നു.