ഫ്‌ളോറിഡയില്‍ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്നു; മൂന്നുപേര്‍ അറസ്റ്റില്‍

Posted on: February 21, 2019 9:36 pm | Last updated: February 21, 2019 at 10:41 pm

ഫ്‌ളോറിഡ: അമേരിക്കയില്‍ ഫ്‌ളോറിഡയിലെ എസ്‌കാംപിയയില്‍ ഇന്ത്യക്കാരനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. തെലങ്കാനയിലെ യാദ്രി ജില്ലയില്‍ നിന്നുള്ള കെ ഗാവര്‍ധന്‍ റെഡ്ഢി (50)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ കിയാന്‍ഡ്ര സ്മിത്ത് (23), എഫിഡാറ്യസ് ബ്രയന്റ് (29), ക്രിസ്റ്റല്‍ ക്ലോസെല്‍ (33) എന്നിവരെയാണ് അറസ്റ്റു ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 21ന് നാട്ടിലേക്കു തിരിക്കാനിരിക്കെയാണ് ഗോവര്‍ധന്‍ റെഡ്ഢി കൊല്ലപ്പെട്ടത്.
ഗോവര്‍ധന്‍ സ്റ്റോര്‍ കൗണ്ടര്‍ മാനേജരായി പ്രവര്‍ത്തിക്കുന്ന പെന്‍സ്‌കോല സിറ്റി ഡിപ്പാര്‍ട്ട്‌മെന്റല്‍ ഗ്യാസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൃത്യം നടത്തിയത്.

എട്ടു വര്‍ഷം മുമ്പാണ് ഗോവര്‍ധന്‍ അമേരിക്കയിലെത്തിയത്. ഭാര്യ ശോഭാ റാണി, മക്കളായ ശ്രേയ, തുളസി എന്നിവര്‍ ഹൈദരാബാദിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്.