ചര്‍ച്ചക്കു ക്ഷണിച്ചത് ദൗര്‍ബല്യമായി കാണരുത്; എന്‍ എസ് എസിനു മറുപടിയുമായി കോടിയേരി

Posted on: February 21, 2019 8:18 pm | Last updated: February 24, 2019 at 5:03 pm

 

പത്തനംതിട്ട: എന്‍ എസ് എസിനെ ചര്‍ച്ചക്കു ക്ഷണിച്ചത് പാര്‍ട്ടിയുടെയോ സര്‍ക്കാറിന്റെയോ ദൗര്‍ബല്യമായി കാണരുതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍ എസ് എസിനോടു ശത്രുതാ മനോഭാവമില്ലാത്തതിനാല്‍ മാത്രമാണ് ചര്‍ച്ചക്കു തയാറാണെന്ന് പറഞ്ഞത്.

സുപ്രീം കോടതി വിധിയാണ് ശബരിമലയില്‍ നടപ്പിലാക്കിയത്‌. അതിന് സര്‍ക്കാരിനോട് എതിര്‍പ്പു പ്രകടിപ്പിച്ചിട്ട് കാര്യമൊന്നുമില്ല. ചര്‍ച്ചക്കു ക്ഷണിച്ചിട്ടും തയാറാകുന്നില്ലെങ്കില്‍ പിന്നെ ഒന്നും പറയാനില്ലെന്നും എന്‍ എസ് എസ് നിലപാട് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

വന്‍തോതില്‍ സ്ത്രീകളെ ശബരിമലയിലെത്തിക്കാനുള്ള ശക്തി സി പി എമ്മിനുണ്ട്. എന്നാല്‍ ഒരു സ്ത്രീയെ പോലും സി പി എമ്മോ സര്‍ക്കാറോ ശബരിമലയില്‍ എത്തിച്ചിട്ടില്ല. ശബരിമല വിഷയത്തില്‍ പുനപരിശോധനാ ഹരജിയിലെ തീരുമാനം വരുന്നതു വരെ കാത്തിരിക്കാന്‍ പോലും കലാപകാരികള്‍ തയാറായില്ല.

ശബരിമലയില്‍ യുവതീ പ്രവേശം ആകാമെന്നതാണ് ഇടതു സര്‍ക്കാറിന്റെ നയമെന്നും കോടതി വിധിയും ആ രൂപത്തില്‍ തന്നെ ഉണ്ടായതിനാലാണ് സര്‍ക്കാര്‍ പുനപരിശോധനാ ഹരജി നല്‍കാതിരുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.