Connect with us

Editorial

വോട്ടര്‍മാരെ പിടിക്കാന്‍ കരുതല്‍ ധനം?

Published

|

Last Updated

ഉര്‍ജിത് പട്ടേലിനെ പുകച്ചു ചാടിച്ച് റിസര്‍വ് ബേങ്ക് ഗവര്‍ണറായി ശക്തികാന്ത് ദാസിനെ നിയമിച്ചത് വെറുതെയായില്ല. കേന്ദ്ര സര്‍ക്കാറിന് 28,000 കോടിരൂപയുടെ ഇടക്കാല ഡിവിഡന്റ് നല്‍കാന്‍ പുതിയ ഗവര്‍ണര്‍ തയ്യാറായിരിക്കുന്നു. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ബജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായമുള്‍പ്പെടെ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കാനും അതുവഴി മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടിപതറിയ ബി ജെ പിക്ക് നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനും ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് ഹെക്ടര്‍ ഭൂമിയുള്ള രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി വര്‍ഷം 6,000 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതിന്റെ ആദ്യ ഗഡു നല്‍കാന്‍ സര്‍ക്കാറിന് 24,000 കോടി രൂപ വേണ്ടതുണ്ട്.
റിസര്‍വ് ബേങ്കിന്റെ കരുതല്‍ ധനം സര്‍ക്കാറിന് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടതുള്‍പ്പെടെ ബേങ്കിന്മേലുള്ള കേന്ദ്രത്തിന്റെ അനധികൃതമായ ഇടപെടലിനെതിരെയുള്ള പ്രതിഷേധമാണ് മുന്‍ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയില്‍ കലാശിച്ചത്. രാജ്യത്തെ കരുത്തുറ്റ സാമ്പത്തിക ശക്തിയാക്കുമെന്ന വാഗ്ദാനവുമായാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ ഈ സര്‍ക്കാറിന്റെ ഭരണത്തില്‍ സാമ്പത്തിക നില കൂടുതല്‍ മോശമാവുകയും രാജ്യത്തിന്റെ കടബാധ്യത 49 ശതമാനം കൂടി 82 ലക്ഷം കോടിയായി ഉയരുകയുമാണുണ്ടായത്. 2014 ജൂണിലെ കണക്ക് പ്രകാരം 54,90,763 കോടി രൂപയായിരുന്നു രാജ്യത്തിന്റെ കടബാധ്യതയെങ്കില്‍ 2018 സെപ്തംബര്‍ അവസാനത്തില്‍ അത് 82,03,253 കോടി രൂപയിലെത്തിയിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പൊതുഖജനാവില്‍ പണമില്ല. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ആര്‍ ബി ഐയുടെ കരുതല്‍ ശേഖരത്തില്‍ കണ്ണുവെച്ചത്.

9.79 ലക്ഷം കോടി രൂപയുടെ കരുതല്‍ ധനമാണ് ആര്‍ ബി ഐയുടെ കൈവശം ഉള്ളത്. ബേങ്കിന്റെ മൊത്തം ആസ്തിയുടെ 28 ശതമാനം വരുമിത്. ആഗോള തലത്തിലെ മാനദണ്ഡമനുസരിച്ച് 14 ശതമാനം കരുതല്‍ ശേഖരം മാത്രമേ ആവശ്യമുള്ളൂവെന്നും നിലവിലെ ശേഖരത്തില്‍ നിന്ന് മൂന്ന് ലക്ഷം കോടി രൂപ ഭരണാവശ്യങ്ങള്‍ക്ക് നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ മുന്‍ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വിസമ്മതിക്കുകയായിരുന്നു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനുള്ളതല്ല കരുതല്‍ധനം, സാമ്പത്തിക രംഗം അപ്രതീക്ഷിതമായി നേരിടുന്ന അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കാനുള്ളതാണെന്നായിരുന്ന ഉര്‍ജിതിന്റെ മറുപടി.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ സൂചന കൂടിയാണ് കരുതല്‍ ധനം. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴൊക്കെ അത് നല്‍കാന്‍ തുനിഞ്ഞാല്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ റേറ്റിംഗ് താഴേക്ക് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിസര്‍വ് ബേങ്കുമായി ആലോചിച്ചു മാത്രമേ പണം ചെലവഴിക്കൂ എന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഉര്‍ജിത് പട്ടേല്‍ തന്റെ നിലപാടില്‍ ഒട്ടും അയവ് വരുത്തിയില്ല. ഇതേചൊല്ലി സംഘ്പരിവാര്‍ സംഘടനകളില്‍ നിന്ന് അദ്ദേഹത്തിന് കടുത്ത ഭീഷണി നേരിടേണ്ടിവന്നു. അനുസരിക്കണം, അല്ലെങ്കില്‍ രാജി വെച്ച് പുറത്തു പോകണമെന്നായിരുന്നു സ്വദേശി ജാഗരണ്‍ മഞ്ചിന്റെ മുന്നറിയിപ്പ്.

പുതിയ ഗവര്‍ണര്‍ അധികാരത്തിലേറിയതോടെയാണ് മുന്‍കാല ഗവര്‍ണര്‍മാരുടെയും സാമ്പത്തിക വിദഗ്ധരുടെയും നിലപാടിന് വിരുദ്ധമായി ആര്‍ ബി ഐയുടെ കരുതല്‍ ധനത്തില്‍ നിന്ന് സര്‍ക്കാറിന് നല്‍കാന്‍ തീരുമാനമായത്. ഇതിനു സഹായകമായ നിലയില്‍ സര്‍ക്കാറിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങുന്നയാളെയാണ് ഉര്‍ജിത് പട്ടേലിന്റെ പിന്‍ഗാമിയായി നിയമിച്ചതും. ഈ നിയമനത്തിനെതിരെ പ്രതിപക്ഷം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയതാണ്.
ആര്‍ ബി ഐയുടെ കരുതല്‍ ധനത്തില്‍ നിന്ന് പദ്ധതിക്ക് വിട്ടുകൊടുക്കുന്നത് തെറ്റായ കീഴ്‌വഴക്കവും സാമ്പത്തിക രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ അത് ദോഷകരമായി ബാധിക്കും. സര്‍ക്കാറിന് സഹായം നല്‍കാനാവശ്യമായ മൂലധനമോ മിച്ചമോ റിസര്‍വ് ബേങ്കിനില്ലെന്ന,് മുംബൈ ആസ്ഥാനമായ “സെന്റര്‍ ഫോര്‍ അഡ്വാന്‍സ് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് ലേണിംഗ്” അടുത്തിടെ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സര്‍ക്കാറിന്റെ തെറ്റായ നയവും ഭരണപരമായ കഴിവുകേടുമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. നികുതി പരിവ് ഊര്‍ജിതപ്പെടുത്തുക, പൊതുമേഖലാ ബേങ്കുകളുടെ കിട്ടാക്കടം കര്‍ശനമായി തിരിച്ചുപിടിക്കുക, ഭരണപരമായ ചെലവുകള്‍ വെട്ടിക്കുറക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് പൊതുഖജനാവിലേക്ക് പണം കണ്ടെത്തേണ്ടത്.

രഘുറാം രാജന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണറായിരുന്ന ഘട്ടത്തില്‍ ബേങ്കുകളുടെ കിട്ടാക്കടത്തിന്റെ കണക്കും കുടിശ്ശിക വരുത്തിയ വന്‍കിടക്കാരുടെ പട്ടികയും പ്രധാനമന്ത്രിക്കും ധനമന്ത്രാലയത്തിനും സമര്‍പ്പിച്ചിരുന്നു. കുടിശ്ശിക പിരിച്ചെടുത്ത് ബേങ്കുകളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍, കുടിശ്ശിക വരുത്തിയവരില്‍ ഭൂരിഭാഗവും പ്രധാനമന്ത്രിക്കും ഭരണതലപ്പത്തെ മറ്റു പലര്‍ക്കും വേണ്ടപ്പെട്ടവരായതിനാല്‍ സര്‍ക്കാര്‍ അതിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
വന്‍കിട തട്ടിപ്പുകാരെയും വെട്ടിപ്പുകാരെയും വെറുതെവിട്ട സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ആര്‍ ബി ഐയില്‍ നിന്ന് പണം വാങ്ങി ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നത് കേവല രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് വ്യക്തം. വ്യംഗ്യമായ അഴിമതിയാണിത്.

---- facebook comment plugin here -----

Latest