കാസര്‍കോട്ടെ ഇരട്ടക്കൊല; ഒരാള്‍കൂടി അറസ്റ്റില്‍

Posted on: February 20, 2019 10:18 pm | Last updated: February 21, 2019 at 11:07 am

കാസര്‍കോട്: പെരിയയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍. പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ച് കൊടുത്ത കല്ലിയോട് സ്വദേശി സജി ജോര്‍ജിന്റെ അറസ്റ്റാണ് പോലീസ് ഇന്ന് രേഖപ്പെടുത്തിയത്. അതേ സമയം വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. സജി ജോര്‍ജ് സിപിഎം പ്രവര്‍ത്തകനാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍കൂടി പോലീസ് കസ്റ്റഡിയിലുണ്ടെന്നറിയുന്നു. കല്യാട് സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ കൃപേഷ്, ശരത്‌ലാല്‍ എന്നിവര്‍ പെരിയയില്‍വെച്ച് വെട്ടേറ്റ് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.