ഒത്തുകളി ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ക്യാപ്റ്റനെ സമീപിച്ച പരിശീലകന് പത്തു വര്‍ഷത്തെ വിലക്ക്

Posted on: February 20, 2019 8:16 pm | Last updated: February 20, 2019 at 10:09 pm

ദുബൈ: വാതുവെപ്പുകാര്‍ക്കു വേണ്ടി ഒത്തുകളി ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ സമീപിച്ച ഇര്‍ഫാന്‍ അന്‍സാരിയെന്ന പരിശീലകന് പത്തു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഐ സി സി. യു എ ഇയിലെ വിവിധ പ്രൊഫഷണല്‍ ക്ലബുകളുടെ പരിശീലകനായ അന്‍സാരി വാതുവെപ്പുകാരുടെ ഇടനിലക്കാരന്‍ കൂടിയായിരുന്നു.

2017ല്‍ യു എ ഇയില്‍ നടന്ന ശ്രീലങ്ക-പാക് പരമ്പരക്കിടെയാണ് അന്‍സാരി പാക് ക്യാപ്റ്റനെ സമീപിച്ച് ഒത്തുകളിക്കു പ്രേരിപ്പിച്ചത്. ഒത്തുകളിക്കണമെന്ന ആവശ്യവുമായി ആരെങ്കിലും ബന്ധപ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്ന ഐ സി സി അഴിമതി വിരുദ്ധ ട്രൈബ്യൂണലിന്റെ നിര്‍ദേശ പ്രകാരം സര്‍ഫറാസ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അന്‍സാരി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും പത്തു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുകയുമായിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും വിലക്ക് ബാധകമാണ്.

ഒത്തുകളി സംബന്ധിച്ച് വിവരം നല്‍കിയ പാക് ക്യാപ്റ്റന് ഐ സി സി ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ നന്ദി അറിയിച്ചിരുന്നു. ശരിയായ പ്രൊഫഷണലിസത്തിന്റെ ഈ പാത മറ്റ് കളിക്കാര്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.