‘എഴുത്തുകാരന്‍ സമൂഹത്തിനൊപ്പം പ്രതികരിക്കുന്നു’

Posted on: February 20, 2019 7:39 pm | Last updated: February 20, 2019 at 7:39 pm

ദുബൈ: സാമൂഹിക അനീതിക്കെതിരെ എഴുത്തുകാരന്‍ സമൂഹത്തിനോടൊപ്പം നിന്ന് പ്രതികരിക്കാം എന്ന നിലയിലേക്ക് കൂടുമാറിയതായി സാഹിത്യകാരന്‍ ബെന്യാമിന്‍ പറഞ്ഞു. ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കുന്ന ഡി സി ബുക്‌സ് ലുലു പുസ്തമേളയില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
അനീതിക്കെതിരെ ഒറ്റക്ക് നിന്ന് പോരാടുമ്പോള്‍ ആരെങ്കിലും കാല് തല്ലിയൊടിച്ചാല്‍ ശുശ്രൂഷിക്കാന്‍ ഭാര്യ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഒരിക്കല്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുകയുണ്ടായി. എഴുത്തുകാരോടൊപ്പം സമൂഹവും ഒറ്റക്കെട്ടായി നിന്ന് പോരാടണം. മൂല്യച്യുതികള്‍ക്കെതിരെ പോരാടേണ്ടത് എഴുത്തുകാരും സാംസ്‌കാരിക നായകരുമാണെന്ന് ചിന്തിച്ച് മറ്റെല്ലാവരും സുരക്ഷിതരായി ഇരിക്കുന്നത് ശരിയല്ല. പഴയ കാലത്ത് എഴുത്തുകാരനെ സാംസ്‌കാരിക നായകനാക്കി അവന്റെ ഉത്തരവാദിത്തമാണ് എല്ലാ വിഷയങ്ങളോടും സംവേദിക്കുക എന്ന നിലയില്‍ സമൂഹം ചില മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിച്ചിരുന്നു. ഇക്കാലത്ത് അതിന്റെ ആവശ്യമില്ല. മറ്റെല്ലാവരേയും പോലെ ഒരു സമൂഹ ജീവി മാത്രമാണ് എഴുത്തുകാരനും. ഡോക്ടര്‍മാരും എന്‍ജിനീയറായും വക്കീലായുമൊക്കെ പലരും ജോലി ചെയ്യുന്നതുപോലെ എഴുത്തുകാരും ചില പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നു എന്നേയുള്ളൂ. നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങളിലേയ്ക്ക് കണ്ണുതുറന്നുനോക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാല്‍ അവനവനിലേക്ക് തന്നെ ചുരുങ്ങിക്കൊണ്ട് നന്മയുടെ പ്രകാശം പുറത്തുവിടാതെ ഞാന്‍ എന്ന നിലയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത് വായനക്ക് ഏറെ പ്രധാന്യമുണ്ട്.
അപരനെ ശത്രുവായി കാണുന്ന തരത്തിലേയ്ക്ക് സമൂഹം മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ സമൂഹം വളരെ വേഗം അകന്നുപോകുന്നതിന്റെ അപകടങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ കരുത്ത് തകര്‍ത്ത് കളയാനുള്ള ശ്രമങ്ങള്‍ ഇന്ന് പുതിയ തരം ചിന്തകളില്‍ നിന്നുണ്ടാകുന്നു. ഞാനും എന്റെ മതവും രാഷ്ട്രീയവും മാത്രമുള്ള രാജ്യം സുന്ദരസുരഭിലമായിരിക്കുമെന്ന ചിന്ത സമൂഹത്തില്‍ പടര്‍ത്തി സ്ഥാപിത താത്പര്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം കണ്ടുവരുന്നു. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ കാലം മറ്റൊരു രീതിയിലാണ് ഇതിനെയെല്ലാം മുന്നോട്ട് കൊണ്ടുപോയതെന്ന് കാണാനാകും-ബെന്യാമിന്‍ പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ നിന്ന് മികച്ച സാഹിത്യ രചനകളുടെ കാലമാണിത്. പണ്ട് ഗള്‍ഫില്‍ നിന്നുള്ള എന്‍വലപ് കാണുമ്പോള്‍ തന്നെ എടുത്തു ചവറ്റുകൊട്ടയിലിട്ടിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഗള്‍ഫില്‍ നിന്നുള്ള ഒരാളുടെ രചനയില്ലാതെ മലയാളത്തില്‍ ഒരു വാരികയും പുറത്തിറങ്ങുന്നില്ല എന്ന നിലയിലേക്ക് വളര്‍ന്നു. വൈവിധ്യമാര്‍ന്ന ലോകത്ത് ജീവിക്കുന്ന ഗള്‍ഫ് മലയാളികള്‍ക്ക് വലിയ അനുഭവ സമ്പത്തുണ്ട്. അത് എഴുത്തിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകരുമായ കെ എം അബ്ബാസ് മോഡറേറ്ററായിരുന്നു. സാദിഖ് കാവില്‍ അധ്യക്ഷത വഹിച്ചു. റോയ് റാഫേല്‍, പോള്‍ സെബാസ്റ്റ്യന്‍, ജോയ് ഡാനിയല്‍, ആതിര തുടങ്ങിയവര്‍ പ്രസംഗിച്ചു.