എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥ നാളെ മുതല്‍ കോഴിക്കോട്ട് ജില്ലയില്‍

Posted on: February 20, 2019 12:39 pm | Last updated: February 20, 2019 at 12:39 pm

കോഴിക്കോട്: ബി ജെ പി സര്‍ക്കാറിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ജാഥ നാളെ മുതല്‍ ഈ മാസം 23 വരെ ജില്ലയില്‍ പര്യടനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാളെ അടിവാരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ മുക്കം, കൊടുവള്ളി, ബാലുശ്ശേരി എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ക്കു ശേഷം പേരാമ്പ്രയില്‍ സമാപിക്കും. 22ന് കല്ലാച്ചി, ആയഞ്ചേരി, വടകരയിലെ സ്വീകരണത്തിന് ശേഷം കൊയിലാണ്ടിയില്‍ സമാപിക്കും. 23ന് ചേളന്നൂര്‍, പൂവാട്ട്പറമ്പ്, രാമനാട്ടുകരയിലെ സ്വീകരണത്തിന് ശേഷം കോഴിക്കോട് നോര്‍ത്ത് സൗത്ത് മണ്ഡലങ്ങള്‍ പര്യടനം നടത്തി മുതലക്കുളം മൈതാനിയില്‍ സമാപിക്കും. എല്‍ ഡി എഫ് സര്‍ക്കാറിന്റെ ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ടുമായിരിക്കും പ്രചരണ ജാഥകള്‍ പര്യടനം നടത്തുക.

തെക്കന്‍ മേഖലാ ജാഥക്ക് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വടക്കന്‍ മേഖലാ ജാഥക്ക് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് നേതൃത്വം നല്‍കുന്നത്. ഇരു ജാഥകളും മാര്‍ച്ച് രണ്ടിന് തൃശൂരില്‍ ബഹുജന റാലിയോടെ സമാപിക്കും. വിപുലീകരിക്കപ്പെട്ട എല്‍ ഡി എഫിലെ എല്ലാ കക്ഷികളുടെയും നേതാക്കള്‍ ജാഥയില്‍ അംഗങ്ങളായിരിക്കും. വടക്കന്‍ മേഖലാ ജാഥയില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സി കെ നാണു എം എല്‍ എ, ഷെയ്ക്ക് പി ഹാരിസ്, അഡ്വ. ബാബു കാര്‍ത്തികേയന്‍, എ ടി അബ്ദുല്‍ വഹാബ്, പി ആര്‍ വത്സന്‍, അഡ്വ. പി വസന്തം, പ്രൊഫ. ഷാജി കടമ, അഡ്വ. എ ജെ ജോസഫ്, നജീം പാലക്കണ്ടി പങ്കെടുക്കും.
ജനവിരുദ്ധ നയം സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത ഇളക്കിവിട്ട് രാജ്യത്തെ സമ്പൂര്‍ണ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

രാജ്യത്തിന്റെ കടബാധ്യത മോദി ഭരണത്തില്‍ ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. ഇന്ധനവില കുതിച്ചുയരുകയാണ്. കാര്‍ഷിക വ്യവസായ മേഖലകളാകെ തകര്‍ന്നടിഞ്ഞു. തൊഴിലില്ലായ്മയും പട്ടിണിയും മൂലം ജനങ്ങള്‍ കൊടിയ ദുരിതത്തിലാണ്. ദുര്‍ഭരണത്തില്‍ നിന്ന് ജനശ്രദ്ധ തിരുച്ചുവിടാന്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ബി ജെ പിയുടെ ദുര്‍ഭരണത്തിന് എത്രയും പെട്ടെന്ന് അറുതിവരുത്തി രാജ്യത്തെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ടി വി ബാലന്‍, മുക്കം മുഹമ്മദ്, പി ടി ആസാദ്, സലിം കൂടത്തായി, സത്യചന്ദ്രന്‍, പി വി നവീന്ദ്രന്‍ പങ്കെടുത്തു.