കശ്മീരിന്റെ മണ്ണും മനസും രാജ്യത്തിന്റെ കൂടെ നിര്‍ത്തണം: കാന്തപുരം

Posted on: February 19, 2019 10:50 am | Last updated: February 19, 2019 at 11:17 am

ദുബൈ: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വര്‍ത്തിക്കുന്ന ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങളെയും അടിച്ചമര്‍ത്തുന്നതിന് സര്‍ക്കാറുകള്‍ കൈക്കൊള്ളുന്ന മാര്‍ഗങ്ങള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ താത്പര്യങ്ങള്‍ പരിഗണിച്ചുമാകണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ബഗ്ദാദില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ദുബൈയിലെത്തിയതായിരുന്നു അദ്ദേഹം.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളടക്കമുള്ളവര്‍ ആക്രമിക്കപ്പെടുന്നതും മറ്റും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. കശ്മീന്റെ മണ്ണ് മാത്രമല്ല നമുക്ക് വേണ്ടത്. കശ്മീരികളുടെ മനസ്സ് കൂടിയാണ്. കശ്മീരില്‍ പ്രത്യേകിച്ച് അവിടത്തെ യുവാക്കളില്‍ വളര്‍ന്നുവരുന്ന അസംതൃപ്തി മനസ്സിലാക്കാനും അതിനെ പ്രതിരോധിക്കാനും സര്‍ക്കാറുകള്‍ ശ്രദ്ധിക്കണം. ഇന്ത്യാ വിരുദ്ധ വികാരം അവരില്‍ പടരാനുള്ള കാരണങ്ങള്‍ മനസ്സിലാക്കുകയും അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കാനും ശ്രമങ്ങള്‍ ഉണ്ടാവണം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ കശ്മീരിലെ യുവാക്കള്‍ക്കിടയിലും വര്‍ധിച്ച തോതില്‍ തൊഴിലില്ലായ്മ നിലനില്‍ക്കുന്നു. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുമുണ്ട്. ഇത് മനസ്സിലാക്കിയാണ് ഏതാനും വര്‍ഷം മുമ്പ് തന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാരന്തൂര്‍ മര്‍കസിലേക്ക് കശ്മീരില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളെ കൊണ്ടുവന്ന് ആവശ്യമായ പഠനം നല്‍കി രാജ്യസ്‌നേഹമുള്ളരാക്കി വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമം നടത്തുന്നത്.
കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. കശ്മീരിന്റെ ഭൂമി മാത്രമല്ല നമുക്ക് വേണ്ടത്. വൈവിധ്യങ്ങള്‍ നിറഞ്ഞ പൂന്തോട്ട സമാനമായ കശ്മീര്‍ ജനതയും ഇന്ത്യക്കൊപ്പം ഉണ്ടാകണം. തങ്ങളും ഇന്ത്യയുടെ ഭാഗമാണെന്ന് കശ്മീരികള്‍ക്ക് തോന്നുന്ന രീതിയിലുള്ള പരിവര്‍ത്തനം സൃഷ്ടിക്കാനാണ് അധികൃതര്‍ ശ്രദ്ധിക്കേണ്ടത്. അല്ലാതെ തോക്കിന്‍മുനയിലൂടെയും ബോംബ് വര്‍ഷിച്ചും അതുണ്ടാക്കാനാകില്ലെന്ന് മനസിലാക്കണമെന്നും കാന്തപുരം പറഞ്ഞു. കശ്മീരികളെ ഇന്ത്യയോടൊപ്പം നിര്‍ത്തുന്നതിനാവശ്യമായ കര്‍മപദ്ധതികള്‍ രൂപപ്പെടുത്തുന്നതില്‍ സുന്നി ജംഇയ്യത്തുല്‍ ഉലമ ആവശ്യമെങ്കില്‍ നേതൃപരമായ പിന്തുണ നല്‍കുമെന്നും കാന്തപുരം പറഞ്ഞു.