കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം: സിപിഎം ലോക്കല്‍ കമ്മറ്റിയംഗം അടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍

Posted on: February 19, 2019 9:41 am | Last updated: February 19, 2019 at 1:09 pm

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. ഇന്നലെ രാത്രിയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് അറിയുന്നത്. കൊലപാതകത്തിന് ശേഷം ഇയാളെക്കുറിച്ച് വിവരങ്ങളില്ലായിരുന്നു. പീതാംബരനെ ആക്രമിച്ചുവെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും. ഇക്കാരണത്താല്‍ പീതാംബരനെ ചുറ്റിപ്പറ്റിയായിരുന്നു പോലീസിന്റെ അന്വേഷണം. ഇയാള്‍ക്ക് പുറമെ മറ്റ് ആറ് പേരും കസ്റ്റഡിയിലുണ്ടെന്നും വിവരമുണ്ട്. പീതാംബരനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ വ്യക്തമാക്കി.

അതേ സമയം കൊലയാളി സംഘം എത്തിയതെന്ന് കരുതുന്ന കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള രണ്ട് ജീപ്പുകള്‍ കണ്ടെത്താന്‍ പോലീസ് ശ്രമം തുടരുകയാണ്. ഇതിനായി മംഗലാപുരം കണ്ണൂര്‍ റൂട്ടുകളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു തുടങ്ങി. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും കൊലയാളികളെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. അതേ സമയം കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. വാളുപോലെയുള്ള ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്രദേശത്തെ കുറ്റിക്കാടുകളിലടക്കം ഇതിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനിയിട്ടില്ല.