സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം

Posted on: February 19, 2019 9:30 am | Last updated: February 19, 2019 at 11:09 am

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തിന് മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം. കെഎസ്ആര്‍ടിസിയില്‍നിന്നും പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരി അലപ്പുഴ സ്വദേശി ഡിനിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മരത്തിന് മുകളില്‍ കയറി ഷാളില്‍ കുരുക്കുണ്ടാക്കി കഴുത്തിലിട്ടാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

സെക്രട്ടറിയേറ്റിന് മുന്നില്‍ കെട്ടിയ സമരപ്പന്തല്‍ ഇന്നലെ അര്‍ധരാത്രിയില്‍ നഗരസഭ പൊളിച്ചു നീക്കിയിരുന്നു. ഇതില്‍ പ്രതിഷേധിക്കാനെത്തിയ എംപാനല്‍ ജീവനക്കാരാണ് യുവതിയുടെ ആത്മഹത്യാ ശ്രമം കണ്ടത്. തുടര്‍ന്ന് അഗ്നിശമന സേനയെത്തി യുവതിയെ മരത്തിന് മുകളില്‍നിന്നും താഴെയിറക്കുകയായിരുന്നു. എംപാനല്‍ ജീവനക്കാരിയായ ഡിനിയയുടെ ഭര്‍ത്താവ് ആറ് മാസം മുമ്പ് മരിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ജോലി തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇവര്‍ നേരത്തെ ചിലരോട് സൂചിപ്പിച്ചിരുന്നുവത്ര.