പുല്‍വാമക്ക് ശേഷവും ഭീകരതയെ പ്രതിരോധിക്കാന്‍

പഴുതടച്ചുള്ള നീക്കങ്ങളിലൂടെ ഭീകരവാദത്തെ പിഴുതെറിയുകയും അതിര്‍ത്തി കടന്നുള്ള അവസാനത്തെ നുഴഞ്ഞുകയറ്റക്കാരനെയും തുരത്തുകയും ചെയ്യുന്നതോടൊപ്പം കശ്മീരില്‍ സര്‍ക്കാറിന് ചിലതൊക്കെ ചെയ്യാനുണ്ട്. ഇതില്‍ പ്രധാനം താഴ്‌വരയിലെ ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചെടുക്കുകയെന്നതാണ്. ഇതിനായി ഇന്ത്യന്‍ ഭരണഘടന അതിന്റെ 370ാം വകുപ്പ് പ്രകാരം ഉറപ്പ് നല്‍കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും പൂര്‍ണമായും അവര്‍ക്ക് വകവെച്ചുകൊടുക്കണം. കൂടാതെ കശ്മീരിലെ കേന്ദ്ര മുതല്‍മുടക്കിന്റെ തോത് ഗണ്യമായി വര്‍ധിപ്പിക്കുക, തൊഴില്‍ ശാലകളില്‍ കശ്മീരികളെ കയറ്റുന്നതിനായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുക, ശക്തമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയും സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടതുണ്ട്. എല്ലാറ്റിലുമുപരി, സുരക്ഷാ വിഭാഗങ്ങള്‍ ജനങ്ങളുടെ വിശ്വാസമാര്‍ജിച്ചെടുക്കണം.
Posted on: February 19, 2019 8:55 am | Last updated: February 19, 2019 at 1:11 pm

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം നാളിതുവരെ നീറിപുകഞ്ഞുകൊണ്ടിരിക്കുകയാണ് ഭൂമിയിലെ സ്വര്‍ഗമെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ത്യന്‍ പൂന്തോപ്പെന്ന് ഡോ. അല്ലാമാ മുഹമ്മദ് ഇഖ്ബാലും വിശേഷിപ്പിച്ച ഹിമഗിരികളുടെ താഴ്‌വാരം കശ്മീര്‍. ഇഖ്ബാലിന്റെ ‘സാരേ ജഹാംസെ അച്ചാ…….’ എന്ന ആസ്വാദ്യ ഗാനം മുഴങ്ങിക്കേട്ട നാട് യുദ്ധഭൂമി പോലെ വിറങ്ങലിച്ചുനില്‍ക്കുന്നു. സഞ്ചാരികളുടെ പറുദീസയായിരുന്ന ഇവിടം പിശാചുക്കളുടെ സങ്കേതമാണിന്ന്. സ്‌ഫോടനങ്ങളുടെയും വെടിയൊച്ചകളുടെയും വിരഹവേദനയുടെയും നഷ്ട നൊമ്പരങ്ങളുടെയും അപഹരിക്കപ്പെട്ടതിനെ കുറിച്ചുള്ള വിലാപങ്ങളുടെയും നാദമാണിന്നീ താഴ്‌വരയുടെ ഗീതം.
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് രാജ്യമിപ്പോള്‍. വ്യാഴാഴ്ച വൈകീട്ട് 3.15 ഓടെ പരിശീലനം കഴിഞ്ഞ് ജമ്മു ശ്രീനഗര്‍ ഹൈവേയിലൂടെ മടങ്ങുകയായിരുന്ന സൈനിക വാഹന വ്യൂഹത്തിന് നേരെ അവന്തിപോറ മേഖലയില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ 40 സി അര്‍ പി എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സൈനികര്‍ സഞ്ചരിച്ച ബസില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ചാവേര്‍ ഇടിച്ചുകയറ്റുകയായിരുന്നു. നിരോധിത തീവ്രവാദ സംഘടനയായ ‘ജെയ്‌ഷെ മുഹമ്മദാ’ണ് ആക്രമണത്തിന് പിന്നില്‍. ജമ്മുവിലെ ക്യാമ്പില്‍ നിന്ന് 78 വാഹനങ്ങളിലായി ശ്രീനഗറിലേക്ക് പോകുകയായിരുന്ന 2,547 സൈനികരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. 2018ല്‍ സംഘടനയില്‍ ചേര്‍ന്ന പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹ്മദ് ദര്‍ ആണ് ചാവേര്‍ കൊലയാളിയായി മാറിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ ദാരുണ സംഭവത്തില്‍ മലയാളി സൈനികന്‍ വയനാട് ലക്കിടി സ്വദേശി വസന്തകുമാര്‍ ഉല്‍പ്പെടെ നാല്‍പ്പതോളം ധീര ജവാന്മാരെയാണ് നാടിന് നഷ്്ടമായത്. ലോക രാഷ്ട്രങ്ങള്‍ അപലപിച്ച ഈ പൈശാചിക കൃത്യത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ രാഷ്ട്രം ഒറ്റക്കെട്ടായാണ് നിലക്കൊള്ളുന്നത്. ശനിയാഴ്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം രാഷ്ട്രത്തിന്റെ അഖണ്ഡതക്ക് നേരെ ഉയരുന്ന ഭീഷണികള്‍ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാന്‍ തീരുമാനമെടുത്തിരിക്കുകയാണ്.
പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നിലെ പാക് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ഇതിനകം ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ പാക്കിസ്ഥാനില്‍ നിന്ന് ഭീകരവാദികള്‍ക്ക് കൈമാറിയ ശബ്ദ സന്ദേശം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മസൂദ് ഇവിടെ വെച്ച് ഭീകരാക്രമണത്തിനുള്ള നിര്‍ദേശം നല്‍കുന്നതാണ് ശബ്ദസന്ദേശം. ഈ സന്ദേശം ഭീകരാക്രമണത്തിലെ പാക് പങ്ക് വ്യക്തമാക്കുന്നതാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ശബ്ദ സന്ദേശമുള്‍പ്പെടെയുള്ള എല്ലാ തെളിവുകളും ഇന്ത്യ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറും. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് ചൂണ്ടിക്കാട്ടി ശക്തമായ നടപടികള്‍ക്ക് ഇന്ത്യ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

ആക്രമണത്തില്‍ പാക്കിസ്ഥാന് മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ സമിതി യോഗം പാക്കിസ്ഥാനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനും അതിര്‍ത്തിയില്‍ സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതും അടക്കമുള്ള കാര്യങ്ങളാണ് വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. ഉചിതമായ സമയത്ത് ഉചിതമായ രീതിയില്‍ തിരിച്ചടിക്കാന്‍ സേനക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരുപക്ഷേ, അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണമടക്കമുള്ള സൈനിക നടപടികള്‍ക്ക് സൈന്യം തയ്യാറെടുത്തേക്കുമെന്നാണ് സൂചന. സുഖോയ് അടക്കമുള്ള യുദ്ധവിമാനങ്ങള്‍ വഴി ദൗത്യം സാധ്യമാക്കാനുള്ള നീക്കങ്ങള്‍ നടന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഏറെക്കാലമായി യു എന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട്. നിരവധി സൈനികരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനായ അദ്ദേഹത്തെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ, യു എന്‍ രക്ഷാസമിതിയിലെ അംഗ രാജ്യങ്ങളോട് പുതിയ സാഹചര്യത്തില്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്.

പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരികള്‍ ഭീതിയിലാണ് കഴിയുന്നത്. തങ്ങളുടെ ഭാവിയെക്കുറിച്ച് അവര്‍ ഉത്കണ്ഠാകുലരാണ്. ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന യുദ്ധത്തെ അവര്‍ കണ്‍മുന്‍പില്‍ കാണുന്നു. ഇനിയൊരു യുദ്ധം താങ്ങാനുള്ള ശേഷി അവര്‍ക്കില്ല. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം താഴ്‌വരയില്‍ സമാധാന പുലരികള്‍ തിരിച്ചുവരുന്നതിനിടെയാണ് ഇടിത്തീപ്പോലെ പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. ഇതേത്തുടര്‍ന്ന് കശ്മീരികള്‍ കടുത്ത സുരക്ഷാ ഭീഷണി നേരിടുകയാണ്. സംസ്ഥാനത്ത് നിന്നുള്ളവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീഷണി നേരിടുന്നു. ഭീകരാക്രമണത്തിന്റെ മറവില്‍ ഉത്തരാഖണ്ഡ്, ബിഹാര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഈ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ സ്വദേശികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതിന് ശേഷവും സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ അക്രമത്തില്‍ ചകിതരാണ് കശ്മീരികള്‍.

ഭൂമിശാസ്ത്രപരവും ചരിത്രപരവും നയതന്ത്രപരവുമായി ഏറെ സവിശേഷത അര്‍ഹിക്കുന്ന ഒരു ഭൂപ്രദേശമാണ് ജമ്മു കശ്മീര്‍. ഇന്ത്യയുടെ വടക്ക് 2,22,236 ച.കി.മീ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ ഭൂപ്രദേശം മലകളും താഴ്‌വരകളും നദികളും കൊണ്ട് വശ്യ സുന്ദരമാണ്. ജനസംഖ്യയുടെ 80 ശതമാനവും കൃഷിയെ ആശ്രയിച്ചാണിവിടെ കഴിഞ്ഞുകൂടുന്നത്. നെല്ല്, ഗോതമ്പ്, ചോളം, കുങ്കുമപൂ തുടങ്ങിയവ ഇവിടെ കൃഷി ചെയ്തു വരുന്നു. രാജ്യത്ത് ആദ്യമായി ഫ്യൂഡല്‍ വ്യവസ്ഥിതി അപ്പാടെ നിരോധിച്ചുകൊണ്ട് അടിസ്ഥാന പരമായ കാര്‍ഷിക പരിഷ്‌കരണം നടപ്പാക്കിയ സ്‌റ്റേറ്റെന്ന ബഹുമതി കശ്മീരിന് അവകാശപ്പെട്ടതാണ്. മനോഹരമായ പൂന്തോപ്പുകളും ഹൗസ്‌ബോട്ടുകള്‍ നിരനിരയായി നീങ്ങുന്ന തടാകങ്ങളും ഹിമപാതങ്ങളേറ്റ മലകളുടെ ദൃശ്യഭംഗിയുമൊക്കെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് കശ്മീരിലേക്ക് സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.

അത്യന്തം സങ്കീര്‍ണവും ആഴത്തില്‍ വേരുകളുള്ളതുമാണ് കശ്മീര്‍ പ്രശ്‌നം. 1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ഹൈദരാബാദ്, ജുനഗഡ് എന്നിവക്കൊപ്പം ഇന്ത്യന്‍ യൂനിയനില്‍ ലയിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച നാട്ടുരാജ്യമായിരുന്നു കശ്മീര്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതില്‍ കശ്മീര്‍ തന്ത്രപ്രധാനമായ ഒരിടമായിരുന്നു. അഫ്ഗാനിസ്ഥാന്‍, ചൈന, പാക്കിസ്ഥാന്‍ എന്നിവയോട് തൊട്ടുരുമ്മി കിടക്കുന്ന കശ്മീര്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കണമെന്ന ആഗ്രഹമായിരുന്നു നമുക്കുണ്ടായിരുന്നത്. സ്വാതന്ത്ര്യ പ്രഖ്യാപനം വന്നപ്പോള്‍ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാനുള്ള സ്വാതന്ത്ര്യം നാട്ടുരാജ്യങ്ങള്‍ക്ക് നല്‍കിയിരുന്നു. കശ്മീര്‍ പക്ഷേ, രണ്ട് പക്ഷത്തും ചേര്‍ന്നില്ല. 1947ല്‍ ഇന്ത്യന്‍ പട്ടാളം താഴ്‌വരയിലിറങ്ങി. മഹാരാജാ ഹരിസിംഗ് 1947ല്‍ പഥാന്‍ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചതോടെയായിരുന്നു ഇത്. 1953ല്‍ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെയും മറ്റും ശ്രമഫലമായി ഹരിസിംഗ് കശ്മീരിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കുകയായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അസാമാന്യ ഭരണപാടവം കൊണ്ട് കാശ്മീരികളെ ഒപ്പം നിര്‍ത്താന്‍ ഇന്ത്യക്കായി. കശ്മീരിന്റെ സിംഹ ഭാഗവും ഇപ്പോള്‍ ഇന്ത്യന്‍ ഭൂവിഭാഗമാണെങ്കിലും 1948ല്‍ പാക്കിസ്ഥാന്‍ താഴ്‌വരയില്‍ ആക്രമണം നടത്തി കശ്മീരിന്റെ കുറച്ചു ഭാഗം കൈവശം വെച്ചിരിക്കുകയാണ്.

കശ്മീര്‍ പ്രശ്‌നത്തിന്റെ മൂലകാരണം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒരു ഭൂപ്രദേശത്തിന്റെ മേല്‍ നടക്കുന്ന അവകാശ തര്‍ക്കമാണ്. ഒരു ജനവിഭാഗത്തിന്റെ ആധിപത്യത്തിന് വേണ്ടിയുള്ള പാക്കിസ്ഥാന്റെ അനാരോഗ്യകരമായ ഇടപെടലാണ് മേഖലയെ സംഘര്‍ഷ ഭരിതമാക്കുന്നത്. താഴ്‌വരയിലെ ഒരുപറ്റം യുവാക്കളെ വിലക്കെടുത്താണ് അവര്‍ വിഘടനവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജെയ്‌ഷെ മുഹമ്മദ്, ലഷ്്കറെ ത്വയ്ബ പോലുള്ള തീവ്രവാദ സംഘടനകളെ ഉപയോഗപ്പെടുത്തിയാണ് അവര്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അശാന്തിയുടെ കരിനിഴലാണ് താഴ്‌വരയിലെങ്ങും. രൂക്ഷമായ സംഘട്ടനം ഇവിടെ ജനങ്ങളുടെ സ്വാസ്ഥ്യം കെടുത്തുന്നു. തീവ്രവാദികളും നുഴഞ്ഞുകയറ്റക്കാരും ഒരുഭാഗത്തും സൈന്യം മറുഭാഗത്തും നിലയുറപ്പിച്ചുള്ള രൂക്ഷമായ പോരാട്ടങ്ങളില്‍ നിരവധി സിവിലിയന്മാരാണ് കൊല്ലപ്പെടുന്നത്. നുഴഞ്ഞുകയറ്റക്കാരെയും തീവ്രവാദികളെയും നേരിടാന്‍ താഴ്‌വരയില്‍ വിന്യസിക്കപ്പെടുന്ന സൈനികരില്‍ നിന്ന്‌പോലും നാട്ടുകാര്‍ക്ക് തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരുന്നു. ഇത് തീവ്രവാദികള്‍ മുതലെടുക്കുകയും ചെറുപ്പക്കാരെ വന്‍ തോതില്‍ തങ്ങളുടെ സംഘടനയിലേക്ക് അവര്‍ റിക്യൂട്ട് ചെയ്യുകയും ചെയ്യുന്നു.
മരമില്‍ പണിക്കാരനില്‍ നിന്ന് ആദില്‍ അഹ്മദ് ദര്‍ എന്ന 20കാരനെ തീവ്രവാദത്തിലേക്ക് വഴിനടത്തിയത് അവന്‍ നേരിട്ട ദുരനുഭവങ്ങളാണെന്നാണ് മാതാപിതാക്കള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്. സ്‌കൂള്‍ ജീവിതത്തിനിടെ മകന് സൈന്യത്തില്‍ നിന്നും പോലീസില്‍ നിന്നും നിരവധി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ മനം നൊന്താണ് അവന്‍ പ്രതികാര ദാഹിയായി മാറിയതെന്നുമാണ് പിതാവ് ഗുലാം ഹസ്സന്‍ ദറും മാതാവ് ഫഹ്മീദയും പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സിവിലിയന്‍മാരുമായി സൈന്യവും പോലീസും ഊഷ്മള ബന്ധം സ്ഥാപിച്ചെടുക്കേണ്ടതുണ്ട്.

മാതൃ രാജ്യത്തെ ജീവതുല്യം സ്‌നേഹിക്കുന്നവരാണ് കശ്മീരികള്‍. അവരെ കൂടി വിശ്വാസത്തിലെടുത്ത് വേണം പാക്കിസ്ഥാനോട് ഇവ്വിഷയകമായി പ്രതികാരത്തിനിറങ്ങാന്‍. കശ്മീരികള്‍ ഒരിക്കലും ഇന്ത്യാ വിരുദ്ധരല്ല. അവിടത്തെ ജനങ്ങള്‍ എക്കാലവും ഇന്ത്യയുടെ വിശ്വസ്തരാണ്. പാക്ഇന്ത്യാ യുദ്ധവേളകളിലും മറ്റും കശ്മീരികള്‍ ഇന്ത്യയെ പലവിധേനയും സഹായിച്ചിട്ടുണ്ട്. ഇന്ത്യന്‍ പട്ടാളത്തില്‍ പോലും അവര്‍ വിശിഷ്ട സേവനമനുഷ്ഠിക്കുന്നു. കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നവരെ തുരത്താന്‍ മാതൃരാജ്യത്തിനുവേണ്ടി വിരിമാറ് കാട്ടിക്കൊടുത്ത് വീരമൃത്യു വരിക്കുന്നവരില്‍ ഇന്ന് കശ്മീരികളുമുണ്ട്.
ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കപ്പെട്ടതോടെ കശ്മീരികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം ചില പ്രത്യേക അവകാശങ്ങള്‍. എന്നാല്‍, ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരമുള്ള ഈ പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നൊന്നായി എടുത്തുമാറ്റി കൊണ്ടിരിക്കുകയാണിന്ന്. താഴ്‌വരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് 370ാം വകുപ്പ് അനുശാസിക്കുന്നതനുസരിച്ചുള്ള സകല ആനുകൂല്യങ്ങളും തുടര്‍ന്നും ലഭ്യമാക്കണമെന്നതാണ്. എന്നാല്‍, 370ാം വകുപ്പ് തന്നെ എടുത്തു കളയണമെന്നാണ് ചിലര്‍ നിരന്തരം ആവശ്യപ്പെടുന്നത്.

രൂക്ഷമായ തൊഴിലില്ലായ്മയും നിരക്ഷരതയുമാണ് കശ്മീരികള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. ഇന്ന് കശ്മീര്‍ ബേങ്കുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉദ്യോഗം വഹിക്കുന്നത് കശ്മീരിന് വെളിയില്‍നിന്ന് വന്നവരാണ്. കശ്മീരിലെ പരമ്പരാഗത വിളകളാണെങ്കില്‍ കലാപങ്ങളില്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഭക്ഷ്യധാന്യ കൃഷി ഇവിടെ ഹെക്ടര്‍ കണക്കിന് നടക്കുന്നുണ്ടെങ്കിലും വിളവെടുപ്പിന് മുമ്പേ പല കൃഷിയിടങ്ങളും മൃത്യുവരിക്കാറാണ് പതിവ്. വിദേശ നാണ്യ ഇനത്തില്‍ ഇന്ത്യക്ക് കൂടുതല്‍ വരുമാനം നേടി തരുന്ന ഒരു സംസ്ഥാനം കൂടിയാണ് ജമ്മു കശ്മീര്‍. മറ്റിന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാന്യമായ ജീവിത നിലവാരവും ആളോഹരി വരുമാനവുമുള്ള ഒരു സ്‌റ്റേറ്റാണ് കശ്മീര്‍. ഭാരതത്തിലെ ഏറ്റവും നല്ല ടൂറിസ്റ്റ് കേന്ദ്രം കശ്മീര്‍ താഴ്‌വരയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കാരണമായി കശ്മീരിലെ ടൂറിസം ഇടക്കാലത്ത് മന്ദീഭവിച്ചിരുന്നെങ്കിലും അതിര്‍ത്തിയില്‍ വെടിയൊച്ച നിലച്ചതോടെ ടൂറിസം വ്യവസായം മെല്ലെമെല്ലെ പച്ചപിടിച്ച് വരികയായിരുന്നു. എന്നാല്‍ പുല്‍വാമ സംഭവം കശ്മീരിലേക്കുള്ള ടുറിസ്റ്റുകളുടെ വരവ് വീണ്ടും ഗണ്യമായി കുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തീവ്രവാദവും ഭീകരവാദവും സംസ്ഥാനത്ത് നിന്ന് അമര്‍ച്ച ചെയ്ത് താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കുകയാണ് ടൂറിസം വ്യവസായം കരുപ്പിടിപ്പിക്കാനുള്ള ഏക പോംവഴി. ഇതിലൂടെ കശ്മീരിന്റെ സാമ്പത്തിക നില ഭദ്രമാക്കാനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്താനും കഴിയും.

പഴുതടച്ചുള്ള നീക്കങ്ങളിലൂടെ തീവ്രവാദത്തെയും ഭീകരവാദത്തെയും പിഴുതെറിയുകയും അതിര്‍ത്തി കടന്നുള്ള അവസാനത്തെ നുഴഞ്ഞുകയറ്റക്കാരനെയും തുരത്തുകയും ചെയ്യുന്നതോടൊപ്പം കശ്മീരില്‍ സര്‍ക്കാറിന് ചിലതൊക്കെ ചെയ്യാനുണ്ട്. ഇതില്‍ പ്രധാനം താഴ്‌വരയിലെ ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചെടുക്കുകയെന്നതാണ്.
ഇതിനായി ഇന്ത്യന്‍ ഭരണഘടന അതിന്റെ 370ാം വകുപ്പ് പ്രകാരം ഉറപ്പ് നല്‍കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും പൂര്‍ണമായും അവര്‍ക്ക് വകവെച്ചുകൊടുക്കണം. കൂടാതെ കശ്മീരിലെ കേന്ദ്ര മുതല്‍മുടക്കിന്റെ തോത് ഗണ്യമായി വര്‍ധിപ്പിക്കുക, തൊഴില്‍ ശാലകളില്‍ കശ്മീരികളെ കയറ്റുന്നതിനായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുക, ശക്തമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയും സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടതുണ്ട്. എല്ലാറ്റിലുമുപരി, സുരക്ഷാ വിഭാഗങ്ങള്‍ ജനങ്ങളുടെ വിശ്വാസമാര്‍ജിച്ചെടുക്കണം. പുല്‍വാമ സംഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കശ്മീരില്‍ സമാധാനാന്തരീക്ഷം വീണ്ടെടുക്കാനും അതുവഴി ജനങ്ങള്‍ക്ക് സ്വൈരജീവിതം ഉറപ്പുവരുത്താനും സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത്തായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

സലീം പടനിലം