Connect with us

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം സംസ്‌കരിച്ചു

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റേയും കൃപേഷിന്റേയും മൃതദേഹം സംസ്‌കരിച്ചു. ഉറ്റകൂട്ടുകാരായ ഇരുവരേയും ഒരുമിച്ച് ഒരേ സ്ഥലത്താണ് സംസ്‌കരിച്ചത്. വലിയ ആള്‍ക്കൂട്ടമാണ് ഇരുവരേയും അവസാനമായി ഒരു നോക്കുകാണാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മണിയോടെയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ആരംഭിച്ച വിലാപ യാത്രയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനും ടി സിദ്ദിഖ് അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും അനുഗമിച്ചു. വ്യത്യസ്ത ഇടങ്ങളിലായി നിരവധിപേരാണ് അന്തിമോചാരം അര്‍പ്പിക്കാന്‍ കാത്തുനിന്നത്.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. രണ്ട് ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്. അതേ സമയം കസ്റ്റഡിയിലുള്ളവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളെ പിടികൂടാനായി കര്‍ണാടക പോലീസിന്റെ സഹായവും കേരള പോലീസ് തേടിയിട്ടുണ്ട്. പ്രതികള്‍ സംസ്ഥാനം വിടാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണിത്.
പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ മുന്‍ വൈരാഗ്യമാണ് കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്‌ലാലിന്റേയും ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കൊലയാളികള്‍ അതിക്രൂരമായാണ് കൊലപാതകം നടപ്പിലാക്കിയതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കൃപേഷിന്റെ തല വെട്ടേറ്റ് പിളര്‍ന്ന നിലയിലായിരുന്നു. പതിമൂന്ന് സെന്റീമീറ്ററോളം ആഴത്തിലുള്ളതായിരുന്നു ഈ മുറിവ്. കാലില്‍ പത്തിലധികം വെട്ടേറ്റിട്ടുണ്ട്. ശരത് ലാലിന്റെ തല വെട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. കഴുത്തില്‍ ഇരുപത്തിമൂന്ന് സെന്റീമീറ്റര്‍ നീളത്തിലുള്ള മുറിവുണ്ട്. വാളുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പരിശോധനയില്‍ കണ്ടെത്തി. രാഷ്ട്രീയ വൈരാഗ്യവും ഗൂഢാലോചനയും കൊലപാതകത്തിന് പിന്നിലുണ്ടെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്.