ഭീകരാക്രമണം: കേന്ദ്ര സര്‍ക്കാറിനെതിരെ ചോദ്യശരങ്ങളുമായി മമത

Posted on: February 18, 2019 6:26 pm | Last updated: February 18, 2019 at 8:56 pm

ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണങ്ങള്‍ തടയാന്‍ അഞ്ചു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായി അഞ്ചു ദിവസമായെങ്കിലും വിഷയത്തില്‍ താന്‍ മൗനം പാലിക്കുകയായിരുന്നുവെന്നും ബംഗാളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പ്രതികരിക്കാന്‍ നിര്‍ബന്ധിതയായതെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മമത പറഞ്ഞു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച് സൈനിക വാഹന വ്യൂഹത്തെ ആക്രമണ ബാധിതമായ സ്ഥലത്തുകൂടി കടത്തിവിട്ടത് എന്തിനായിരുന്നുവെന്നും ബംഗാള്‍ മുഖ്യമന്ത്രി ചോദിച്ചു. ഇത്തരം ആക്രമണങ്ങളില്‍ നിന്ന് പാക്കിസ്ഥാനെ പിന്തിരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തത് എന്തുകൊണ്ടാണ്, തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഒരു നിഴല്‍യുദ്ധം ആസൂത്രണം ചെയ്യുന്നത് എന്തിനാണ് എന്നീ ചോദ്യങ്ങളും അവര്‍ ഉന്നയിച്ചു.

തങ്ങള്‍ മാത്രമാണ് രാജ്യസ്‌നേഹികളെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് മോദിയും അമിത് ഷായും നടത്തുന്നത്. എന്നാല്‍, യാഥാര്‍ഥ്യം മറ്റൊന്നാണ്. അവസരം മുതലെടുത്ത് ബംഗാളില്‍ വര്‍ഗീയ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാന്‍ ബി ജെ പിയും ആര്‍ എസ് എസും ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രകോപനങ്ങള്‍ക്ക് അടിപ്പെടരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കാന്‍ പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്- മമത കൂട്ടിച്ചേര്‍ത്തു.