പുതു തലമുറക്ക് കൂടുതല്‍ തൊഴില്‍ സങ്കേതങ്ങള്‍ ഒരുക്കാന്‍ പരിശ്രമിക്കണം: എം എ യൂസുഫലി

Posted on: February 17, 2019 7:31 pm | Last updated: February 17, 2019 at 7:31 pm

ദുബൈ: പ്രവാസം ചൂടേറിയ ചര്‍ച്ചയാക്കുന്നതോടൊപ്പം അവരുടെ ഭാവി തലമുറക്ക് മികച്ച തൊഴില്‍ സങ്കേതങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്നും ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസഫലി.
ദുബൈയില്‍ അവസാനിച്ച കേരള ലോക സഭയില്‍ സഭാ അംഗങ്ങളുടെ ഉപസമിതിസ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ റിപ്പോര്‍ട്ട് അവതരണ വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹര്‍ത്താലുകള്‍ എന്താണ് കേരളീയ സമൂഹത്തിന് നല്‍കുന്നത്. പുരോഗമനാത്മകമായ പാത സ്വീകരിക്കുന്ന സംസ്ഥാനത്തിന് ഹര്‍ത്താലുകള്‍ ദോഷമായേ ഭവിക്കുകയുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹര്‍ത്താലുകള്‍ ഇല്ലായ്മ ചെയ്യുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാകണം. സംസ്ഥാനത്തിന്റെ വികസനം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം. നാട്ടില്‍ നിക്ഷേപത്തിനെത്തുന്നവര്‍ നിശ്ചലവും പ്രവര്‍ത്തന രഹിതവുമായ വാണിജ്യ മേഖലകളെ സൃഷ്ടിക്കുന്ന ഹര്‍ത്താലുകളെ ഭയപ്പെടുന്നുണ്ട്. ഇത് സംസ്ഥാനത്തേക്ക് എത്തുന്ന വിദേശ നിക്ഷേപങ്ങളുടെ ഗതിവേഗത്തെ കുറക്കുന്നുണ്ട്.
സര്‍ഗാത്മകവും ക്രിയാത്മകവുമായ കഴിവുകള്‍ സമ്മേളിക്കുന്ന പുതു തലമുറയുടെ തൊഴില്‍ ശക്തിയെ വേണ്ടുവോളം ഉപയോഗിക്കാന്‍ സംസ്ഥാനത്തു പുതു പദ്ധതികള്‍ രൂപപ്പെടണം. വികസനം കടന്ന് വരുന്നിടത്ത് ഉദ്യോഗസ്ഥരുടെ മനോനിലക്കും പ്രാധാന്യമുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ കൂടുതലായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു പ്രവര്‍ത്തിപ്പിക്കുന്നതിന് സ്വകാര്യ-പൊതുമേഖല പങ്കാളിത്വത്തില്‍ സംരംഭങ്ങള്‍ ഉയര്‍ന്ന് വരണം. പ്രവാസികളുടെ നിക്ഷേപങ്ങള്‍ ഇതിന്റെ ധന സമാഹരണത്തിനായി ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാവപ്പെട്ട പ്രവാസി മലയാളികള്‍ക്കായി കുറഞ്ഞ ചെലവിലും ഗുണമേന്മയിലും ഭവന നിര്‍മാണ പദ്ധതികള്‍ക്കായി എന്‍ ആര്‍ ഐ ഹൗസിംഗ് കോര്‍പറേഷന്‍ രൂപീകരിച്ചു അതിന്റെ ഗുണഫലങ്ങള്‍ വേഗത്തില്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.