Connect with us

Religion

വിമോചകന്‍

Published

|

Last Updated

ആള്‍ക്കൂട്ടം അകറ്റിനിര്‍ത്തിയ തെമ്മാടിക്കൂട്ടത്തിന്റെ അംഗസംഖ്യ ദിനംതോറും വര്‍ധിക്കുന്ന ഒരു പുരാതന കഥയുണ്ട്. തെമ്മാടിക്കൂട്ടത്തിലെ പുതിയ അംഗങ്ങളെല്ലാം ചിന്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമെന്നതാണ് അത്ഭുതം. ഈ കഥയെ അന്വര്‍ഥമാക്കും വിധമാണ് പടിഞ്ഞാറന്‍ നാടുകളില്‍ ഇസ്‌ലാമിക വിരോധം തഴച്ചുവളരുന്നത്. ഇസ്‌ലാമോഫോബിയ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നവരുടെ കണക്കെടുത്താല്‍ ഇത് ബോധ്യമാകും. ലോക രാജ്യങ്ങള്‍ക്കിടയില്‍ വിശേഷ സ്ഥാനമലങ്കരിക്കുന്നവരാണ് ഇതിന്റെ മുന്‍പന്തിയില്‍. കുരിശുയുദ്ധം ഓരോ യൂറോപ്യന്റെ മനസ്സിലും ഇളക്കിവിട്ട വംശീയ വിദ്വേഷത്തിന്റെ ബാക്കിപത്രമായാണ് ഇത്തരമൊരു സങ്കല്‍പ്പം ലോകത്തുയര്‍ന്ന് വന്നത്.

ഇസ്‌ലാം ഭീതിക്ക് ആക്കം കൂട്ടാനായി അറേബ്യന്‍ രാജ്യങ്ങളില്‍ തീവ്രവാദം കൈമുതലാക്കിയ ഐ എസ് ഐ എസിന്റെ ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഇസ്‌ലാം തൊട്ടുതീണ്ടിയിട്ടില്ലെന്ന വസ്തുത മനസ്സിലാക്കുമ്പോഴേ പടിഞ്ഞാറന്‍ സയണിസ്റ്റ് ശക്തികളുടെ ഇസ്‌ലാംവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസില്‍ പോലെയുള്ള തീവ്രവാദ സംഘങ്ങള്‍ നല്‍കുന്ന സംഭാവനകളെ നമുക്ക് തിരിച്ചറിയാനാകൂ. കുരിശു യുദ്ധത്തെ ഓര്‍മപ്പെടുത്തി ഖുദ്‌സ് വിമോചകരായ സ്വലാഹുദ്ദീന്‍ അയ്യൂബി (റ)യുടെ പിന്‍ഗാമിയായി സ്വയം വാഴ്ത്തിയ ഇസില്‍ “ഖലീഫ” അബൂബക്കര്‍ ബഗ്ദാദിയുടെയും കൂട്ടരുടെയും പ്രവൃത്തികള്‍ അനിസ്‌ലാമികമാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഈയൊരു പശ്ചാത്തലത്തിലാണ് നാം ഖുദ്‌സ് വിമോചകനായ സ്വലാഹുദ്ദീന്‍ അയ്യൂബി (റ)യെ വായിക്കേണ്ടത്.

ഔദാര്യത്തിന്റെയും സഹനത്തിന്റെയും നേര്‍മുഖമായിരുന്ന സ്വലാഹുദ്ദീന്‍ അയ്യൂബി (റ) ഹിജ്‌റ 532ല്‍ ഇറാഖിലെ ടൈഗ്രീസ് നദിക്ക് സമീപത്തെ തിക്രിത് നഗരത്തിലാണ് ജനിച്ചത്. പിതാവായ അയ്യൂബ് ബ്‌നു ശാദി സാത്വികനായിരുന്നു. ഇറാഖിലെ മൊസൂളില്‍ ഗവര്‍ണര്‍ ആയിരുന്ന അദ്ദേഹം, സിറിയന്‍ ഭരണാധികാരി ഇമാമുദ്ദീന്‍ സങ്കിയുടെ ഗവര്‍ണറായി ചുമതലയേറ്റെടുത്തതാണ്, സ്വലാഹുദ്ദീന്‍ അയ്യൂബി (റ)യുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇമാദുദ്ദീന്‍ സങ്കിയുമായി അടുപ്പം പുലര്‍ത്താന്‍ പിതാവിന്റെ ഔദ്യോഗികപദവി കാരണമായി. പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം ഭരണ പാഠങ്ങളും നേടാന്‍ ഈ സാഹചര്യം വഴിയൊരുക്കി. ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കുകയും അക്കാലത്ത് പ്രഗത്ഭരായ പണ്ഡിതന്മാരില്‍ നിന്ന് ഹദീസ് പഠനം നടത്തുകയും ചെയ്തു.

തികഞ്ഞ ഫഖീഹുമായിരുന്നു. ഹിജ്‌റ 541ല്‍ ഇമാമുദ്ദീന്‍ സങ്കി വഫാത്തായപ്പോള്‍ മകന്‍ നൂറുദ്ദീന്‍ സങ്കി ഭരണം ഏറ്റെടുത്തു. ഇത് സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് അദ്ദേഹവുമായി കൂടുതല്‍ സഹവസിക്കാനും ഭരണകാര്യങ്ങളില്‍ ഏര്‍പ്പെടാനും കാരണമായി. മതകാര്യങ്ങളില്‍ അതീവ തത്പരനായിരുന്ന നൂറുദ്ദീന്‍ സങ്കി ശിഷ്യനെ പോലെയാണ് സ്വലാഹുദ്ദീനോട് ഇടപഴകിയത്. തന്നേക്കാള്‍ 20 വയസ്സ് കൂടുതലുള്ള സങ്കിയോട് ഗുരുവിനോടെന്ന പോലെ പെരുമാറിയ അദ്ദേഹം ഇസ്‌ലാമിക വളര്‍ച്ചക്കുവേണ്ടി കഠിനാധ്വാനം ചെയ്തു. ഫാത്വിമി ഭരണത്തിലെ അവസാന കണ്ണിയായ ആളിദ് അബ്ദുല്ലയുടെ മന്ത്രിയായിരുന്ന ശാവറിനെതിരെയുള്ള യുദ്ധത്തിലൂടെയാണ് സ്വലാഹുദ്ദീന്‍ അയ്യൂബി (റ) സൈനിക രംഗത്തേക്ക് പ്രവേശിക്കുന്നത്. പിതൃവ്യനായ അസദുദ്ദീന്‍ നയിച്ച സംഘം വിജയം വരിക്കുകയും ഈ ദൗത്യനിര്‍വഹണത്തില്‍ സന്തുഷ്ടനായ ഭരണാധികാരി, ഈജിപ്തിന്റെ ഭരണചുമതല പിതൃവ്യനെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, അതിന് ശേഷം, വെറും രണ്ട് മാസവും അഞ്ച് ദിവസവുമാണ് അദ്ദേഹം ജീവിച്ചത്.

മിസ്‌റിന്റെ നേതാവ്
തങ്ങള്‍ക്ക് വേണ്ടി നേതാവിനെ നിയമിക്കണമെന്ന് ഈജിപ്ത് പ്രവിശ്യാ ഗവര്‍ണറുടെ ആവശ്യമനുസരിച്ച് നൂറുദ്ദീന്‍ സങ്കി തലസ്ഥാനത്ത് നിയമിച്ചത് സ്വലാഹുദ്ദീന്‍ അയ്യൂബി (റ)യെ ആയിരുന്നു. “അല്‍ മലികുന്നാസ്വിര്‍” എന്ന അപരനാമവും അവര്‍ സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് നല്‍കി. ഇത് മിസ്‌റില്‍ റാഫിളീ ഭരണത്തിന്റെ അന്ത്യവും അയ്യൂബി ഖിലാഫത്തിന്റെ ആരംഭവും ആയി. നൂറുദ്ദീന്‍ സങ്കിയുടെ കാലഘട്ടത്ത് കൈവരിച്ച നേട്ടങ്ങളില്‍ മിക്കതും സ്വലാഹുദ്ദീന്‍ അയ്യൂബി (റ)യുടെ കരങ്ങളിലൂടെയായിരുന്നു. നൂറുദ്ദീന്റെയും സ്വലാഹുദ്ദീന്റെയും പോരാട്ടങ്ങളില്‍ അടിപതറിയ കുരിശു പോരാളികള്‍ ഫലസ്തീന്റെയും ശാമിന്റെയും വിവിധ പ്രദേശങ്ങളില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിതരായി. ഹിജ്‌റ 566ല്‍ പടയോട്ടങ്ങള്‍ക്ക് ഇടവേള നല്‍കി തന്റെയും നൂറുദ്ദീന്റെയും അഭിലാഷമായിരുന്ന ഈജിപ്തിന്റെ ആദര്‍ശ ശുദ്ധീകരണ കാര്യങ്ങളില്‍ ശ്രദ്ധാലുവായി. ശീഇകളും റാഫിളികളുമായിരുന്ന ഖാസിമാരെ പിരിച്ചുവിട്ടും ഫാത്വിമി ഖുതുബകള്‍ അവസാനിപ്പിച്ച് അബ്ബാസി ഖുതുബകള്‍ നടപ്പാക്കിയും അദ്ദേഹമിത് സാധ്യമാക്കി. ഫാത്വിമികള്‍ നടപ്പാക്കിയ അത്യാചാരങ്ങള്‍ നിര്‍ത്തലാക്കുന്നതിലൂടെ ഈജിപ്തില്‍ പാരമ്പര്യ ഇസ്‌ലാമിക കിരണങ്ങള്‍ വീണ്ടും ഉയര്‍ന്നു തുടങ്ങി.

സുന്നി ആദര്‍ശ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സംവിധാനങ്ങള്‍ പുനഃക്രമീകരിച്ച അദ്ദേഹം, ജാമിഅ അല്‍ അസ്ഹറിനെ വിശ്വോത്തര വൈജ്ഞാനിക കേന്ദ്രമാക്കുന്നതിനാവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തി. നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹം ഏറെ ആഗ്രഹിച്ച ഖുദ്‌സ് വിമോചനത്തിന് വേണ്ടിയായിരുന്നു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍. എന്നാല്‍, ജീവിതാഭിലാഷമായിരുന്ന ഖുദ്‌സിന്റെ സമ്പൂര്‍ണ വിമോചനം നേരില്‍ കാണാന്‍ നൂറുദ്ദീന് വിധിയുണ്ടായിരുന്നില്ല. ഹിജ്‌റ 569ല്‍ അദ്ദേഹം ദിവംഗതനായി. അതോടെ അധികാരച്ചെങ്കോല്‍ സ്വലാഹുദ്ദീന്റെ കൈകളിലായി. സിറിയയിലും ഈജിപ്തിലും സ്വസ്ഥത ഉണ്ടായിരുന്നെങ്കിലും അവിടെയുള്ള കുരിശു സാന്നിധ്യം അസ്ഥിരത സൃഷ്ടിച്ചു. അവര്‍ക്കെതിരെ തന്ത്രപ്രധാനമായ നീക്കം നടത്തേണ്ടതുണ്ടെന്ന ബോധ്യത്തോടെയായിരുന്നു സ്വലാഹുദ്ദീന്‍ അയ്യൂബി മുന്നേറിക്കൊണ്ടിരുന്നത്. ഈജിപ്തിലെയും സിറിയയിലെയും മേധാവിത്വത്തിനു ശേഷം മറ്റിടങ്ങളിലേക്ക് പ്രവേശിച്ച അദ്ദേഹം ജൈത്രയാത്ര തുടര്‍ന്നു കൊണ്ടിരുന്നു.

മറജുല്‍ഉയൂനിലും ബാഹിയാസിലും വെന്നിക്കൊടി പാറിച്ച അദ്ദേഹം കുരിശു മേധാവിയും ദുഷ്ടനും ആയിരുന്ന അറബാത്തില്‍ നിന്ന് ജോര്‍ദാനില്‍ പെട്ട അല്‍ കറക് പ്രവിശ്യ കീഴടക്കി. നബി (സ്വ)യെ വൃത്തികെട്ട ഭാഷയില്‍ അധിക്ഷേപിച്ച അറബാത്തിനെ തന്റെ കരങ്ങള്‍ കൊണ്ട് തന്നെ വധിക്കുമെന്ന് ശപഥം ചെയ്ത സ്വലാഹുദ്ദീന്‍ (റ), ഹിത്വീന്‍ യുദ്ധത്തില്‍ അത് നിറവേറ്റി. ആധുനിക ഇസ്‌ലാമിക ചരിത്രത്തില്‍ ഹിത്വീന്‍ യുദ്ധത്തിന് വലിയ പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകള്‍ മുസ്‌ലിംകള്‍ക്ക് സാധിക്കാതെ പോയ ഖുദ്‌സ് വിമോചനം സ്വലാഹുദ്ദീന്‍ അയ്യൂബി (റ)യുടെ നേതൃത്വത്തില്‍ സാധ്യമാക്കിയത് ഈ യുദ്ധത്തിലൂടെയാണ്. ബദറിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഈ യുദ്ധത്തില്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയും സംഘവും ജയിച്ചുകയറിയത്. 63000ത്തോളം വരുന്ന കുരിശു പോരാളികളെ വെറും 12000 പടയാളികളുമായി നേരിട്ട അവര്‍ എതിരാളികളെ ഛിന്നഭിന്നമാകുകയും ഇസ്‌ലാമിന്റെ വെന്നിക്കൊടി പാറിക്കുകയും ചെയ്തു. ഹിജ്‌റ 583ലായിരുന്നു ഇത്.

ഫലസ്തീനില്‍ കടന്നതിന് ശേഷം ഖുദ്‌സ് നഗരം അധീനപ്പെടുത്തി ബൈത്തുല്‍ മുഖദ്ദസിനെ മോചിപ്പിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടു. ബൈത്തുല്‍ മുഖദ്ദസില്‍ ചോര വീഴരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്റെ നിലപാടുകള്‍ കത്തുകളിലൂടെ മറുപക്ഷത്തെ അറിയിച്ചു. എന്നാല്‍, യൂറോപ്യര്‍ നിരസിക്കുകയായിരുന്നു. ഗത്യന്തരമില്ലാതെ സ്വലാഹുദ്ദീന്‍ യുദ്ധത്തിന് തയ്യാറെടുത്തു.

ഇതറിഞ്ഞ യൂറോപ്യര്‍ സന്ധിക്കു തയ്യാറാകുകയും മോചനദ്രവ്യം നല്‍കി പട്ടണം വിടാന്‍ സമ്മതിക്കുകയുമായിരുന്നു. അങ്ങനെ ഹിജ്‌റ 583 റജബ് 27ന്, നബിതങ്ങളുടെ മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള രാപ്രയാണവും ആകാശാരോഹണവും നടന്ന അതേ ദിവസം മുസ്‌ലിംകള്‍ ഖുദ്‌സില്‍ പ്രവേശിച്ചു. യുദ്ധാവസാനം അദ്ദേഹം കാണിച്ച മഹാമനസ്‌കതയും ഔദാര്യവും യൂറോപ്യര്‍ക്കിടയില്‍ മതിപ്പുളവാക്കി. കുരിശു പോരാളികള്‍ ഫലസ്തീന്‍ കീഴടക്കിയപ്പോഴെല്ലാം മുസ്‌ലിംകളോട് പെരുമാറിയിരുന്ന രൂപത്തില്‍ നിന്ന് വ്യത്യസ്തമായാണ് സ്വലാഹുദ്ദീന്‍ അവരോട് പെരുമാറിയത്. സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തുകയും പള്ളികളും വീടുകളും തീയിടുകയും ചെയ്ത യൂറോപ്യര്‍ക്ക് അദ്ദേഹത്തിന്റെ മഹാമനസ്‌കത വിസ്മയമായി. പലായനം ചെയ്യുന്ന ക്രിസ്ത്യാനികളില്‍ വാഹനവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയ അദ്ദേഹം സാധ്യമാകുന്നവര്‍ക്കെല്ലാം മാപ്പ് നല്‍കുകയാണ് ചെയ്തത്.

പോരാട്ട വിജയങ്ങള്‍ മാത്രമായിരുന്നില്ല സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി സമൂഹത്തിന് സമ്മാനിച്ചത്. ബിദ്അത്തില്‍ അമര്‍ന്ന ഒരു സമൂഹത്തെ ആദര്‍ശ ശുദ്ധീകരണം നടത്തുകയും വിദ്യാഭ്യാസപരമായി നിരവധി പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക, സാമൂഹിക, ഭരണരംഗങ്ങളിലെല്ലാം നീതിയുടെയും ക്രമസമാധാനത്തിന്റെയും പാതയില്‍ പുതിയൊരു മാര്‍ഗം തെളിക്കാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് സാധിച്ചു. ജീവിതത്തിലുടനീളം ഇസ്‌ലാമിക ചുറ്റുപാടുകള്‍ സൃഷ്ടിക്കുകയും ക്ഷേമ സാന്ത്വന കാര്യങ്ങളില്‍ ഏര്‍പ്പെടുകയും നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹത്തിന്റെ സ്വപ്‌നമായി അവശേഷിച്ചിരുന്ന ഖുദ്‌സിന്റെ മോചനം സാധ്യമാക്കുകയും ചെയ്ത യോദ്ധാക്കളുടെ രാജകുമാരന്‍, ഹിജ്‌റ 589 സഫര്‍ 27, 1193 മാര്‍ച്ച് നാലിന് ഈ ലോകത്തോട് വിടപറഞ്ഞു.

വിപ്ലവ വീഥിയില്‍ ധാര്‍മികതയിലൂന്നിയ ഒരു പുതു വാതായനം തുറന്നിട്ട സ്വലാഹുദ്ധീന്‍ അയ്യൂബി അക്കാദമിക തലങ്ങളില്‍ ഇന്നും ചര്‍ച്ചാ വിഷയമാണ്. കുരിശു യുദ്ധത്തെയും ഇസ്‌ലാമിക ചരിത്രത്തെയും കുറിച്ച് പഠിക്കുന്നവര്‍ക്കും സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ജീവിത ദര്‍ശനങ്ങളെ അവഗണിച്ച് മുന്നോട്ടുപോകാന്‍ സാധിക്കുകയില്ല. ഈയൊരു സവിശേഷ സാഹചര്യം രൂപപ്പെടുത്തുന്നതില്‍ ഓറിയന്റലിസ്റ്റ് രചനകള്‍ക്ക് വലിയ പങ്കുണ്ട്. പടിഞ്ഞാറന്‍ നാടുകളില്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയെ യഥാതഥം വരച്ചു കാട്ടാന്‍ ഈ രചനകള്‍ക്ക് സാധിച്ചിട്ടുണ്ടെങ്കിലും ചില രചനകള്‍ അപവാദമായിട്ടുണ്ട്. ഈ കാലത്ത് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നടക്കുന്ന രക്തച്ചൊരിച്ചിലുകള്‍ക്ക് സമാധാനപരമായ പരിഹാരം കാണാന്‍ അയ്യൂബിയുടെ ജീവചരിത്രം അവലംബമാക്കി പാഠമുള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

മുബശ്ശിര്‍ കുമ്പിടി

mubashirkmbd@gmail.com

---- facebook comment plugin here -----

Latest