ചുവടുമാറ്റി രജനീകാന്ത്; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

Posted on: February 17, 2019 11:22 am | Last updated: February 17, 2019 at 8:17 pm

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താനോ തന്റെ പാര്‍ട്ടിയോ മത്സരിക്കില്ലെന്ന് നടന്‍ രജനീകാന്ത്. തന്റെ ചിത്രമോ സംഘടനയുടെ ചിഹ്നമോ ആരും പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും രജനീകാന്ത് വ്യക്തമാക്കി. വെള്ളത്തിന്റെ കുറവാണ് തമിഴ്‌നാട് നേരിടുന്ന വെല്ലുവിളി. ആ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് വോട്ട് ചെയ്യാം. നിയമസഭാ തിരഞ്ഞെടുപ്പാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വാര്‍ത്താകുറിപ്പിലൂടെ രജനീകാന്ത് അറിയിച്ചു.

ഇതോടെ, രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം നീളുമെന്നുറപ്പായി.  ചെന്നൈയില്‍ തന്റെ അനുയായികളുടെ സംഗമത്തില്‍ വെച്ചാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍, പാര്‍ട്ടി പ്രഖ്യാപനം നീണ്ടു. നടന്‍ കമല്‍ഹാസനും മക്കള്‍ നീതി മയ്യമെന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചിരുന്നു.