എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 9.35 കോടി രൂപയുടെ ധനസഹായം കൂടി അനുവദിച്ചു

Posted on: February 15, 2019 10:57 pm | Last updated: February 16, 2019 at 9:56 am

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആദ്യഘട്ട സഹായമായി 9.35 കോടി രൂപയുടെ ധനസഹായം കൂടി അനുവദിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചതാണ് ഇക്കാര്യം. 2017 ഒക്ടോബര്‍ ഒന്നിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശിപാര്‍ശയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായമനുവദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

2017ല്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ 279 ദുരിത ബാധിതര്‍ക്കാണ് സഹായം ലഭ്യമാവുക. പൂര്‍ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും അഞ്ച് ലക്ഷം രൂപ വീതവും ശാരീരിക വൈകല്യം സംഭവിച്ചവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും മൂന്നു ലക്ഷം രൂപ വീതവുമാണ് നല്‍കുക.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധനസഹായമായി 30 കോടി രൂപ അനുവദിക്കുന്നതിനും കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ അക്കൗണ്ടിലുള്ള 12 കോടി കിഴിച്ച് 18 കോടി അധികമായി അനുവദിക്കാനും തീരുമാനിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരി 22ന് ഒരുകോടി രൂപയുടെ അധിക ധനാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.