പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തും; നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ

Posted on: February 15, 2019 9:02 pm | Last updated: February 15, 2019 at 10:58 pm

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇതര രാഷ്ട്രങ്ങളുമായി ചേര്‍ന്ന് പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യ നയതന്ത്ര നീക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി യു എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന, ഗള്‍ഫ് രാഷ്ട്രങ്ങള്‍, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ നയതന്ത്ര പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തും.

പാക്കിസ്ഥാന്റെ ഒത്താശയോടെ ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ വിശദ വിവരങ്ങള്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് സര്‍ക്കാര്‍ നല്‍കും.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യന്‍ ആവശ്യത്തോടു രക്ഷാസമിതി സ്ഥിരാംഗങ്ങളില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത് നിലവില്‍ ചൈന മാത്രമാണ്. ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയെങ്കിലും മസൂദിന്റെ കാര്യത്തില്‍ ഇന്ത്യന്‍ താത്പര്യത്തോടു യോജിക്കാന്‍ ചൈന തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ചൈനയുടെ മേലും നയതന്ത്രം സമ്മര്‍ദം സ്വരൂപിക്കുക എന്ന ലക്ഷ്യവും ഇന്ത്യക്കുണ്ട്.