ആസ്‌ത്രേലിയക്കെതിരായ പരമ്പര; കോലി മടങ്ങിയെത്തി, സ്പിന്നര്‍ മായങ്ക് മര്‍ക്കാണ്ടെ പുതുമുഖം

Posted on: February 15, 2019 8:04 pm | Last updated: February 15, 2019 at 9:03 pm

മുംബൈ: ആസ്‌ത്രേലിയക്കെതിരെ ഫെബ്രുവരി 24ന് ആരംഭിക്കുന്ന ക്രിക്കറ്റ് പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡ് പര്യടനത്തിലെ ടി ട്വന്റിയില്‍ വിശ്രമമനുവദിച്ചിരുന്ന വിരാട് കോലി ടീമില്‍ തിരിച്ചെത്തി.

മുംബൈ ഇന്ത്യന്‍സ് താരമായ മായങ്ക് മര്‍ക്കാണ്ടെ ഇതാദ്യമായി ദേശീയ ടീമില്‍ ഇടം നേടി. രണ്ട് മത്സരങ്ങളടങ്ങിയ ടി ട്വന്റി പരമ്പരയിലാണ് മായങ്കിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തില്‍ ഇന്ത്യ എ ടീമിനു വേണ്ടി അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പടെ മികച്ച പ്രകടനം കാഴ്ചവച്ച സ്പിന്നറാണ് മായങ്ക്. ടി ട്വന്റി ടീമില്‍ കേദാര്‍ ജാദവ്, ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവര്‍ പുറത്തായപ്പോള്‍ കുല്‍ദീപ് യാദവിനും ഭുവനേശ്വര്‍ കുമാറിനും വിശ്രമമനുവദിച്ചു. ലോകേഷ് രാഹുല്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമില്‍ തിരികെയെത്തി.

ഏകദിന സംഘത്തില്‍ ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, ലോകേഷ് രാഹുല്‍ എന്നിവര്‍ മടങ്ങിയെത്തി. അതേസമയം, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവര്‍ പുറത്തായി. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ടെണ്ണത്തില്‍ ഭുവനേശ്വര്‍ കുമാറിന് വിശ്രമമനുവദിച്ചു. സിദ്ധാര്‍ഥ് കൗള്‍ പകരം ടീമിലുണ്ടാകും. അവസാന മൂന്ന് ഏകദിനങ്ങളില്‍ ഭുവനേശ്വര്‍ കളിക്കും.

ടി ട്വന്റി പരമ്പര ഫെബ്രുവരി 24ന് വിശാഖപട്ടണത്തും എകദിനം മാര്‍ച്ച് രണ്ടിന് ഹൈദരബാദിലും ആരംഭിക്കും.