റിയയും റഫയും ഇനി മര്‍കസിന്റെ സ്‌നേഹ വീട്ടില്‍

Posted on: February 15, 2019 12:10 pm | Last updated: February 15, 2019 at 12:11 pm
പ്രളയ ബാധിതർക്ക് മർകസ് കുറ്റിക്കാട്ടൂരിൽ നിർമിച്ച വീടിന്റെ താക്കോൽ കുടുംബത്തിന് മർകസ് അധികൃതർ കൈമാറുന്നു

കുറ്റിക്കാട്ടൂര്‍: നൂറ്റാണ്ടിന്റെ മഹാപ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന വീട്ടില്‍ നിന്ന് സ്‌കൂളില്‍ എത്തുമ്പോള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫാത്തിമ റിയയും സഹോദരി ഫാത്തിമ റഫയും എങ്ങോട്ട് പോകുമെന്ന വേവലാതിയിലായിരുന്നു. കൂട്ടുകാരികളോട് വിവരം പറഞ്ഞു, അവര്‍ അധ്യാപകരോടും.
മര്‍കസ് ഗേള്‍സ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ അവരുടെ ഉപ്പ പെരുമണ്ണ പുതിയൊട്ടുപറമ്പത്ത് റഫീഖും ഭാര്യ സമീറയും പ്രായമായ മാതാപിതാക്കളും അടങ്ങുന്ന കുടുംബം ബന്ധുവീടുകളില്‍ ആയിരുന്നു താല്‍ക്കാലിക താമസം. പൂര്‍ണ്ണമായും തകര്‍ന്ന വീടിനു പകരം പുതിയ വീട് നല്‍കാന്‍ മര്‍കസ് അധികൃതര്‍ മുന്‍കൈയെടുത്തു. വിവിധ വ്യക്തികളും സംഘടനകളും പ്രളയ ദുരിതാശ്വാസത്തിനു നല്‍കിയ സംഭാവനകളില്‍ നിന്ന് അര്‍ഹരായ 26 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്.

റഫീഖിനും കുടുംബത്തിനും കുറ്റിക്കാട്ടൂരില്‍ തയ്യാറാക്കിയ വീട് ലളിതമായ ചടങ്ങില്‍ കഴിഞ്ഞ ദിവസം താമസമാരംഭിച്ചു. ഫാത്തിമ റിയയും റിഫയും ഇപ്പോള്‍ പുതിയ വീട്ടില്‍ നിന്നാണ് സ്‌കൂളില്‍ എത്തുന്നത്. തങ്ങള്‍ക്കു വേണ്ടി കാരുണ്യഹസ്തം നീട്ടിയവര്‍ക്കായി മനമുരുകി പ്രാര്‍ത്ഥിക്കുമെന്നു കുട്ടികളും അവരുടെ മാതാപിതാക്കളും പറയുന്നു.

കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടല്‍ മൂലം വീട് നഷ്ടപ്പെട്ടവര്‍ക്കായി മര്‍കസ് നിര്‍മിക്കുന്ന വീടിന്റെ ഉദ്ഘാടനം ഉടന്‍ നടക്കാനിരിക്കുന്നു. ഇന്ത്യയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതെന്നു മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.