Connect with us

International

പുല്‍വാമ ഭീകരാക്രമണം: പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതും അവര്‍ക്ക് പിന്തുണ നല്‍കുന്നതുമായ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാനോട് യുഎസ് ആവശ്യപ്പെട്ടു.

മേഖലയില്‍ ഭീകരപ്രവര്‍ത്തനവും കുഴപ്പങ്ങളും ആക്രമണങ്ങളും സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാക് മണ്ണ് ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകരസംഘടനകള്‍ക്കും പിന്തുണ നല്‍കുന്ന നടപടി പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ ആക്രമണം ഇന്ത്യയും യുഎസും തമ്മിലുള്ള ഭീകരവാദ വിരുദ്ധ സഹകരണത്തെയും ഏകോപനത്തെയും ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സാറാ സാന്‍ഡേഴ്‌സ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.