അടുത്ത അധ്യയന വര്‍ഷത്തെ പുസ്തക വിതരണം തുടങ്ങി

Posted on: February 15, 2019 9:08 am | Last updated: February 15, 2019 at 9:52 am

കൊച്ചി: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകത്തിന്റെ വിതരണം തുടങ്ങി.ആറ് മുതല്‍ പത്താം തരം വരെയുള്ള ക്ലാസ്സുകളുടെ ഒന്നാം വാല്യം പാഠപുസ്തകത്തിന്റെ അച്ചടിയാണ് പൂര്‍ത്തിയായത്. അച്ചടിച്ച പുസ്തകങ്ങള്‍ ഏപ്രില്‍ 15നകം എല്ലാ സ്‌കൂളുകളിലുംഎത്തിക്കും.ആഗസ്റ്റ് 30നകം രണ്ടാം വാല്യവും നവംബര്‍ മാസത്തില്‍ മൂന്നാം വാല്യവും പാഠപുസ്തകങ്ങളുടെ വിതരണം നടത്തും. മൂന്ന് വാല്യങ്ങളായാണ് പാഠപുസ്തകങ്ങള്‍ തയാറാക്കിയത്. ഒന്നാം വാല്യത്തിനായി 3.25 കോടിയുടെയും രണ്ടാം വാല്യത്തിനായി 1.29 കോടിയുടെയും മൂന്നാം വാല്യത്തിനായി 49 ലക്ഷത്തിന്റെയും അച്ചടി ഓ ര്‍ഡറാണ് കെ ബി പി എസ്സിന് ലഭിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ 14 ജില്ലകളിലേക്കുമുള്ള അച്ചടി പൂര്‍ത്തിയായ പാഠപുസ്തകങ്ങള്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും സ്‌കൂളുകളിലേക്ക് കെ ബി പിഎസ്സിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എത്തിക്കുക. സംസ്ഥാനത്തെ 12,000 സ്‌കൂളുകള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ 3,300 സൊസൈറ്റികള്‍ വഴി സ്‌കൂളുകളില്‍ എത്തിക്കും. അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് പാഠപുസ്തക ഓഫീസറുടെ റിലീസ് ഓര്‍ഡര്‍ പ്രകാരം 14 ജില്ലകളിലെ പാഠപുസ്തക വിതരണ കേന്ദ്രത്തില്‍ നിന്നും പുസ്തകങ്ങള്‍ നേരിട്ട് നല്‍കും. സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കിയിരുന്നു.സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ മാസത്തിലാണ് അച്ചടി തുടങ്ങിയതെങ്കിലും പാഠപുസ്തകങ്ങളുടെ അച്ചടി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ കാര്‍ത്തിക് പറഞ്ഞു.