അംബാനിക്കെതിരായ ഉത്തരവ് തിരുത്തിയ രണ്ട് ജീവനക്കാരെ സുപ്രീം കോടതി പിരിച്ചുവിട്ടു

Posted on: February 14, 2019 11:04 am | Last updated: February 14, 2019 at 3:19 pm

ന്യൂഡല്‍ഹി: അനില്‍ അംബാനിക്കെതിരായ കോടതിയലക്ഷ്യ കേസിലെ സുപ്രീം കോടതി ഉത്തരവില്‍ തിരിമറി നടത്തിയ രണ്ട് ജീവനക്കാരെ സുപ്രീം കോടതി പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ, തപന്‍കുമാര്‍ ചക്രവര്‍ത്തി എന്നിവരെയാണ് ഭരണഘടനയിലെ പ്രത്യേക അധികാരമുപയോഗിച്ച് സുപ്രീം കോടതി പിരിച്ചുവിട്ടത്. അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ളവരാണ് ഇരുവരും. ഇന്നലെ വൈകീട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് നടപടിയെടുത്തത്.

റിലയന്‍സ് ജിയോക്ക് ആസ്തികള്‍ വിറ്റ വകയില്‍ 550 കോടി രൂപ നല്‍കിയില്ലെന്ന എറിക്‌സണ്‍ ഇന്ത്യ കമ്പനിയുടെ കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കോം ഉടമ അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, വിനീത് സാറന്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതായിരുന്നു ഉത്തരവ്. ഈ ഉത്തരവാണ് ജീവനക്കാര്‍ തിരുത്തിയത്. ഉത്തരവ് സുപ്രീം കോടതി വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അനില്‍ അംബാനിയോടു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിക്കുന്ന ഭാഗം ജീവനക്കാര്‍ ഒഴിവാക്കുകയായിരുന്നു.

ഇത് എറിക്‌സന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും മൂന്ന് ദിവസത്തിനുശേഷം തിരുത്തിയ വിധി കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അനില്‍ അംബാനിയോടു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിക്കുന്ന ഭാഗം ജീവനക്കാര്‍ മനപൂര്‍വം വിട്ടുകളഞ്ഞതാണെന്ന് സുപ്രീം കോടതിക്ക് വ്യക്തമായി. ഇതോടെ രണ്ട് ജീവനക്കാരെയും പിരിച്ചുവിടാന്‍ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.