വില കൂട്ടി സിമന്റ് കമ്പനികള്‍ കോടികള്‍ ലാഭം കൊയ്യുന്നു

Posted on: February 14, 2019 9:07 am | Last updated: February 14, 2019 at 10:37 am

പാലക്കാട്: കടിഞ്ഞാണില്ലാതെ സിമന്റിന് വില കൂട്ടി സിമന്റ്കമ്പനികള്‍ കോടികള്‍ ലാഭം കൊയ്യുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വില വര്‍ധിപ്പിച്ച് സിമന്റ് കമ്പനികള്‍ 24,000 കോടിയോളം രൂപയാണ് ലാഭം നേടിയത്. ഒരു ചാക്ക് സിമന്റിന് 50 മുതല്‍ 100 രൂപ വരെ കൂട്ടിയാണ് കേരളത്തിലെ വില്‍പ്പന. 2008 മുതലാണ് സംസ്ഥാനത്ത് നിന്ന് ഇത്തരത്തില്‍ കമ്പനികള്‍ കൊള്ളലാഭം നേടിത്തുടങ്ങിയത്. സര്‍ക്കാറുകള്‍ മാറി വന്നിട്ടും ഇതില്‍ മാത്രം മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നു.

സിമന്റ് വില വര്‍ധനവിനെതിരെ ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ലൈഫ് പദ്ധതിക്ക് സിമന്റ്‌സൗജന്യമായി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചതൊഴിച്ചാല്‍ വില വര്‍ധവിനെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു സര്‍ക്കാറിന്റെ നീക്കമെന്ന് ആരോപണമുണ്ട്.

കേരളത്തില്‍ 290 മുതല്‍ 340 രൂപ വരെ വിലയുണ്ടായിരുന്ന വിവിധ കമ്പനികളുടെ സിമന്റ് പാക്കറ്റിന് ഇപ്പോള്‍ 390 മുതല്‍ 440 രൂപ വരെയാണ് വില. തമിഴ് നാട്ടില്‍ സര്‍ക്കാര്‍ മേഖലയിലുള്ള അമ്മ സിമന്റ് 200 രൂപക്കാണ് വില്‍ക്കുന്നത്. നേരത്തെ സംഘം ചേര്‍ന്ന് സിമന്റ് ഉത്പാദനം കുറച്ച് പ്രതിസന്ധി സൃഷ്ടിച്ച ശേഷം സിമന്റിന് അമിത വില ഉയര്‍ത്തിയ കമ്പനികള്‍ക്ക് കോംപെറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 6,300 കോടി രൂപ പിഴയിട്ടിരുന്നു. 2008 മുതല്‍ 2012 വരെയുളള കാലയളവില്‍ വിലയില്‍ കൃത്രിമം കാണിച്ചതിനായിരുന്നു പിഴ.

അതേസമയം, കടത്തുകൂലിയാണ് തമിഴ്‌നാടിനെ അപേക്ഷിച്ച് കേരളത്തില്‍ വില കൂടാന്‍ കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു ബാഗ് സിമന്റ് കേരളത്തില്‍ എത്തിക്കാന്‍ 75 രൂപ കടത്തുകൂലി വേണ്ടിവരുമെന്നാണ് കമ്പനിയുടമകളുടെ വാദം. സ്വകാര്യ കമ്പനികളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിനെ ഉപയോഗിച്ച് വിലക്കയറ്റം തടയുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും സിമന്റ് വില വര്‍ധനക്ക് പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സും കൂട്ടുനില്‍ക്കുകയാണത്രെ. മലബാര്‍ സിമന്റ്‌സ് ഉത്പാദിപ്പിക്കുന്ന വാളയാറിലും ചേര്‍ത്തലയിലും ചാക്കൊന്നിന് 390 രൂപയാണ് ഈടാക്കുന്നത്. വിപണിയില്‍ മലബാര്‍ സിമന്റിന് വിലക്കുറവാണെങ്കിലും സ്വകാര്യ കമ്പനികള്‍ക്കൊപ്പം വില കൂട്ടുന്ന രീതിയാണ് തുടരുന്നത്. വില ഏകീകരണമില്ലാതെ ഒരോ ജില്ലയിലും തോന്നിയ വിലക്ക് സിമന്റ് വിറ്റഴിക്കുകയും ചെയ്യുന്നു.

സ്വകാര്യ കമ്പനികളുടെ കുത്തക പൊളിക്കാന്‍ മലബാര്‍ സിമന്റ് ലഭ്യമാക്കാതെ സ്വകാര്യ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ലെന്‍സ് ഫെഡ് സംസ്ഥാന പി ആര്‍ ഒ. ആര്‍ മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. മലബാര്‍ ജില്ലകളിലൊതുങ്ങുന്ന മലബാര്‍ സിമന്റിന്റെ മാര്‍ക്കറ്റിംഗ് സംവിധാനത്തിന് മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിമന്റ് ഉത്പാദനത്തിനും കടത്തുന്നതിനുമുള്ള ചെലവുകള്‍ നിരത്തി സിമന്റ് വില വര്‍ധിക്കുമ്പോഴും തൊഴിലാളികള്‍ക്ക് വേതനമോ മറ്റ് ആനൂകൂല്യങ്ങളോ നല്‍കുന്നതിന് കമ്പനികള്‍ വിമുഖത കാട്ടുകയാണെന്ന് തൊഴിലാളി യൂനിയനുകള്‍ പറയുന്നു. കേന്ദ്ര തൊഴില്‍ കമ്മീഷണര്‍, സിമന്റ് ഉത്പാദകരുടെ അസോസിയേഷന്‍ (സി എം എ), സിമന്റ് നിര്‍മാണ തൊഴിലാളികളുടെ അഖിലേന്ത്യാ സംഘടനകള്‍ എന്നിവ ചേര്‍ന്ന വേജ്‌ബോര്‍ഡ് ആണ് തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്നത്. ഓരോരോ കാരണം പറഞ്ഞ് വേജ്‌ബോര്‍ഡ് യോഗം ചേരുന്നത് നീട്ടിക്കൊണ്ടുപോകുകയാണ് പതിവ്. കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ചര്‍ച്ച ഈ വര്‍ഷം ജനുവരി 21നാണ് ഒരു തീരുമാനത്തില്‍ എത്തിയത്. 2018 ഏപ്രില്‍ മുതല്‍ 2020 ഏപ്രില്‍ വരെ 2500 രൂപ, 2020 ഏപ്രില്‍ മുതല്‍ 2022 ഏപ്രില്‍വരെ 2500 രൂപ എന്നിങ്ങനെയാണ് വര്‍ധന. സിമന്റ് വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര നടപടിയെടുക്കാത്തത് കെട്ടിട നിര്‍മാണ മേഖലക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതൊടൊപ്പം തൊഴില്‍ മേഖലയും സ്തംഭിക്കും.