Connect with us

Gulf

സഊദി കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനം; പ്രതീക്ഷയോടെ ഇരുരാജ്യങ്ങളും

Published

|

Last Updated

റിയാദ് : സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ സഹകരണത്തിനായി സുപ്രീം കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ റിയാദ് അല്‍യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ നവംബറില്‍ അര്‍ജന്റീനയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുംകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി പ്രധാന മന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു .

ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളികൂടിയാണ് സഊദി അറേബ്യ.പ്രധാനമായും പെട്രോളിയം ഉത്പന്നങ്ങളാണ് സഊദിയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് .ഇന്ത്യയില്‍ 12 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ദിനംപ്രതി സംസ്‌കരണ ശേഷിയുള്ള രത്‌നഗിരി റിഫൈനറിയില്‍ സഊദി അറാംകോ കമ്പനിക്ക് നിലവില്‍ ഓഹരി പങ്കാളിത്തമുണ്ട് . ഇന്ത്യയിലെ പെട്രോളിയം പ്രകൃതിവാതക മേഖലയില്‍ ഒരു വിദേശരാജ്യം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. കൂടാതെ സഊദി പെട്രോകെമിക്കല്‍ കമ്പനിയായ സാബിക് ബാംഗ്ലൂരില്‍ 100 ദശലക്ഷം ഡോളര്‍ ചിലവില്‍ ഗവേഷണ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട് .കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ എനര്‍ജി ഫോറം പരിപാടിയില്‍ സൗദി ഊര്‍ജ മന്ത്രി ഖാലിദ് എ.അല്‍ ഫാലിഹ് ഇന്ത്യയില്‍ പെട്രോളിയം, പെട്രോ കെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അറിയിച്ചിരുന്നു .കൂടാതെ ഖനന മേഖലയില്‍ നിക്ഷേപം നടത്താന്‍ മഅദിന്‍ കമ്പനിയും താത്പര്യം അറിയിച്ചിരുന്നു .

ലോകത്തിലെ ഏറ്റവും വലിയ എന്ന ഉത്പാദക രാജ്യമായ സഊദി കിരീടാവകാശിയുടെ സന്ദര്‍ശനം ഇന്ത്യന്‍ വ്യവസായ സമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്,സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയുടെ റിയാദ് കൂടിക്കാഴ്ചയില്‍ ഊര്‍ജം, പ്രതിരോധം, ഭക്ഷ്യ സുരക്ഷ, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു, ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളും സ്ന്ദര്‍ശിക്കുന്നുണ്ട്.മലേഷ്യയില്‍ സന്ദശനം കഴിഞ്ഞാണ് രാജകുമാരന്‍ ഇന്ത്യയിലെത്തുക