ശഫീഖ് അല്‍ ഖാസിമി ഒളിവില്‍; തിരച്ചില്‍ ഊര്‍ജിതം; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ പോലീസ്

Posted on: February 13, 2019 12:13 pm | Last updated: February 13, 2019 at 1:40 pm

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ താളിക്കോട് ജമാഅത്തിലെ മുന്‍ ഇമാമും ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗവുമായിരുന്ന ശഫീഖ് അല്‍ ഖാസിമിക്കായി തിരച്ചില്‍ ഊര്‍ജിതം. വിതുര പോലീസ് പോക്‌സോ കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ കേരളം വിടാനുള്ള സാധ്യത കൂടി പരിഗണിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പോലീസ് തീരുമാനിച്ചു. ജന്മനാടായ ഈരാട്ടുപേട്ടയിലെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടുകളില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തില്‍ പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്‍കിയിരുന്നില്ല. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയില്‍ നിന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പോലീസ് മൊഴിയെടുത്തിരുന്നു. ഒരാഴ്ച മുമ്പ് വിതുരക്ക് അടുത്താണ് സംഭവം നടന്നത്. കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് കാറില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം. സമീപത്തെ തൊഴിലുറപ്പ് ജോലിയെടുത്തിരുന്ന തൊഴിലാളികള്‍ ഇത് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

സംഭവത്തെ തുടര്‍ന്ന് തൊളിക്കോട് ജമാഅത്ത് പള്ളിയിലെ ഇമാം പദവിയില്‍ നിന്ന് ശഫീഖ് അല്‍ ഖാസിമിയെ നീക്കിയിരുന്നു.
സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഇമാംസ് കൗണ്‍സിലും അറിയിച്ചു. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങള്‍ ശരിയെന്ന് ബോധ്യപ്പെട്ടതോടെയാണ് ജമാഅത്ത് നടപടിയെടുത്തതെന്ന് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷ പ്രതികരിച്ചു. പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇമാംസ് കൗണ്‍സില്‍ നേതാവായിരുന്ന ശഫീഖ് അല്‍ ഖാസിമി തെക്കന്‍ കേരളത്തിലെ പ്രമുഖ പ്രഭാഷകരില്‍ ഒരാളായിരുന്നു.