Connect with us

National

ഡല്‍ഹിയില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാ റാലി

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി ബുധനാഴ്ച ഡല്‍ഹിയിലെ
ജന്തര്‍ മന്തറില്‍ നടക്കും. കൊല്‍ക്കത്തയില്‍ മഹാഗഡ്ബന്ധന്‍ റാലി നടന്ന് മൂന്നാഴ്ചക്കു ശേഷം സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. മോദി സര്‍ക്കാറിനെതിരെ വിവിധ വിഷയങ്ങളുയര്‍ത്തിയുള്ള മഹാ റാലിയില്‍ 24ഓളം പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും.

കൊല്‍ക്കത്ത റാലിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ഡല്‍ഹിയിലേക്കു തിരിക്കും മുമ്പ് മമത ആവര്‍ത്തിച്ചു. മോദിയുടെ കാലാവധി കഴിഞ്ഞു. അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്താന്‍ പോകുന്നില്ല. 15 ദിവസങ്ങള്‍ക്കകം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെടും. ജനാധിപത്യവും പരസ്പര വിശ്വാസവും നിലനില്‍ക്കുന്ന അഖണ്ഡ ഭാരതത്തിലേക്കുള്ള മാറ്റത്തിന് ജനങ്ങള്‍ ആഗ്രഹിക്കുന്നു- മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ അവര്‍ വ്യക്തമാക്കി.

മമതയെ കൂടാതെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, മുന്‍ പ്രധാന മന്ത്രി എച്ച് ഡി ദേവെഗൗഡ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി തലവന്‍ ശരദ് പവാര്‍ എന്നിവര്‍ റാലിയില്‍ സംബന്ധിക്കുമെന്ന് എ എ പി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് അറിയിച്ചു. സമാജ്‌വാദി പാര്‍ട്ടി (എസ് പി), ദ്രാവിഡ മുന്നേറ്റ കഴകം (ഡി എം കെ), രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി), രാഷ്ട്രീയ ലോക്ദള്‍ (ആര്‍ എല്‍ ഡി) തുടങ്ങിയ പാര്‍ട്ടികളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.