ഏഴ് പുതിയ ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങൾ കൂടി

Posted on: February 12, 2019 4:25 pm | Last updated: February 12, 2019 at 4:25 pm

തിരുവനന്തപുരം: പി എസ് സി, യു പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സൗജന്യ പരിശീലനം നൽകുന്നതിന് ഏഴ് പുതിയ പരിശീലന കേന്ദ്രങ്ങൾ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ ആരംഭിക്കാൻ സർക്കാർ ഉത്തരവായി. നിലവിൽ സംസ്ഥാനത്ത് പതിനേഴ് പരിശീലന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.
കൊല്ലം കണ്ണനല്ലൂർ, ആലപ്പുഴ കായംകുളം, എറണാകുളം മട്ടാഞ്ചേരി, പാലക്കാട് പട്ടാമ്പി, മലപ്പുറം വളാഞ്ചേരി, കോഴിക്കോട് പേരാമ്പ്ര, കണ്ണൂർ തലശ്ശേരി എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ. ഇതിനായി ഏഴ് വീതം പ്രിൻസിപ്പൽ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, യു ഡി ക്ലാർക്ക് എന്നിവരുടെ താത്കാലിക തസ്തികകൾ പുതിയതായി സൃഷ്ടിച്ച് ഉത്തരവായി. മുസ്‌ലിം, ക്രിസ്ത്യൻ, ഈഴവ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പരിശീലന കേന്ദ്രങ്ങളുടെ പ്രയോജനം ലഭിക്കും.