ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യം

Posted on: February 11, 2019 10:21 pm | Last updated: February 12, 2019 at 10:17 am

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ തലശ്ശേരിയില്‍ നിന്ന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. വിചാരണ എറണാകുളത്തെ സിബിഐ കോടതിയിലേക്ക് മാറ്റണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

തലശ്ശേരിയില്‍ വിചരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണിത്. വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഒരു പുതിയ ഹര്‍ജി നല്‍കാനാണ് ഷുക്കൂറിന്റെ കുടുംബത്തിന്റെ നീക്കം.

എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ടിവി രാജേഷ് എന്നിവര്‍ക്കെതിരെ സിബിഐ നിലവില്‍ കേസിന്റെ വിചാരണ നടക്കുന്ന തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പി ജയരാജനെതിരെ കൊലക്കുറ്റവും ടി വി രാജേഷ് എംഎല്‍എക്കെതിരെ ഗൂഢാലോചനക്കുറ്റവുമാണ് ചുമത്തിയത്.