പി കെ ഫിറോസ് ഉന്നയിച്ചത് അടിസ്ഥാനമില്ലാത്ത ആരോപണം: മന്ത്രി എ കെ ബാലന്‍

Posted on: February 11, 2019 5:44 pm | Last updated: February 11, 2019 at 9:50 pm

തിരുവനന്തപുരം: അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയടക്കം മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത നാലുപേരെ കിര്‍ത്താഡ്‌സില്‍ സ്ഥിരപ്പെടുത്തിയതായുള്ള യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് നിയമ മന്ത്രി എ കെ ബാലന്‍. യു ഡി എഫ് ഭരണകാലത്താണ് മണിഭൂഷണെ നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വി കെ മോഹന്‍ കുമാറിനെ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് 2005ല്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രൊമോഷന്‍ നല്‍കിയതിന്റെ അതേ മാനദണ്ഡമാണ് മണിഭൂഷന്റെ കാര്യത്തിലും ആ സര്‍ക്കാര്‍ അവലംബിച്ചത്. 2010ലെ നിയമനത്തില്‍ അപാകത ഉണ്ടായിരുന്നുവെങ്കില്‍ തുടര്‍ന്നു വന്ന യു ഡി എഫ് സര്‍ക്കാരിന് തീരുമാനം പുനപ്പരിശോധിക്കാമായിരുന്നു. എന്നാല്‍ അതു ചെയ്തില്ലെന്നു മാത്രമല്ല, മണിഭൂഷണെ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്കു ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.