Connect with us

National

പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കരാര്‍ അധ്യാപകര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ്; 25 പേര്‍ക്കു പരുക്ക്

Published

|

Last Updated

പാട്യാല: ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബില്‍ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ വസതിയിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. സംഭവത്തില്‍ പത്തു പോലീസുകാരുള്‍പ്പടെ 25 പേര്‍ക്കു പരുക്കേറ്റു.

മുഖ്യമന്ത്രിയുടെ വസതിക്ക് മീറ്ററുകള്‍ അകലെ ബുദ്ധ ദാല്‍ പബ്ലിക് സ്‌കൂളിനു സമീപത്തുവച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമം നടത്തിയതോടെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പോലീസ് സൂപ്രണ്ട് ഹര്‍വീന്ദര്‍ വിര്‍ക് ഉള്‍പ്പടെയുള്ള പോലീസുദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. പരുക്കേറ്റ പോലീസുകാരില്‍ എസ് പി. ഹര്‍വീന്ദര്‍ വിര്‍കും ഉള്‍പ്പെടും.

മനുഷ്യ വിഭവ വികസന മന്ത്രാലയം ഫണ്ട് വകയിരുത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വേതനം വെട്ടിക്കുറച്ചതായും കരാര്‍ അധ്യാപകര്‍ ആരോപിക്കുന്നു. അധ്യാപകരുടെ ആവശ്യങ്ങളോട് നിസ്സംഗമായാണ് സര്‍ക്കാര്‍ പ്രതികരിക്കുന്നതെന്നും സഞ്ജ അധ്യാപക് മോര്‍ച്ചയുടെ അസിസ്റ്റന്റ് കണ്‍വീനര്‍ ദേവീന്ദര്‍ പുനിയ പറഞ്ഞു.

ദീര്‍ഘകാലമായി സമരത്തിലുള്ള തങ്ങളുമായി ഒരു തവണ പോലും ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയാറായില്ല. പത്തു തവണയിലധികമാണ് അധ്യാപക പ്രതിനിധികളുമായി നടത്താന്‍ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറിയതെന്നും പുനിയ വ്യക്തമാക്കി.

Latest