തിരഞ്ഞെടുപ്പിനെക്കാള്‍ പ്രധാനം പഠനം; പരീക്ഷക്കാലത്ത് ഉച്ചഭാഷിണി വേണ്ടെന്ന് സുപ്രീം കോടതി

Posted on: February 11, 2019 4:00 pm | Last updated: February 11, 2019 at 7:26 pm

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷ നടക്കുന്ന സമയത്ത് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി വിലക്ക് റദ്ദാക്കാനാകില്ല.

തിരഞ്ഞെടുപ്പിനെക്കാള്‍ പ്രാധാന്യം കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരീക്ഷക്കും തന്നെയാണ്. അതിനാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കുമെന്നു കോടതി വ്യക്തമാക്കി.

ഏപ്രിലിലോ മെയിലോ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നതിനാല്‍ പ്രചാരണത്തിന് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന ഘടകമാണ് ഹരജി നല്‍കിയിരുന്നത്. ശബ്ദമലിനീകരണ പ്രശ്‌നമുണ്ടാകുമെന്നതു യാഥാര്‍ഥ്യമാണെങ്കിലും ജനവാസ മേഖലകളില്‍ മുഴുവനായി ഉച്ചഭാഷണി ഉപയോഗിക്കുന്നത് വിലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ബി ജെ പി ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

2013ലാണ് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ജനവാസ മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭാഗങ്ങളിലും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതു നിരോധിച്ചുകൊണ്ട് മമത ബാനര്‍ജി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസങ്ങളില്‍ വാര്‍ഷിക, പൊതു പരീക്ഷകള്‍ നടക്കുന്നതിനാലാണിത്.