ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഫലം സമ്മാനിക്കും: കുഞ്ഞാലിക്കുട്ടി

Posted on: February 11, 2019 12:49 pm | Last updated: February 11, 2019 at 12:49 pm
മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന യൂത്ത് ലീഗ് നേതൃ യോഗം പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തില്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനിരിക്കുന്ന യു ഡി എഫ്, മലപ്പുറം ജില്ലയിലെ മലപ്പുറം, പൊന്നാനി, വയനാട് ഉള്‍ക്കൊള്ളുന്ന ലോക്‌സഭാ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് വിജയം നേടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യുവജന സമ്മേളനത്തിലെ പ്രതിനിധികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മലപ്പുറം ജില്ലയില്‍ ആദ്യമായി പൂര്‍ത്തീകരിച്ച മലപ്പുറം മണ്ഡലം യൂത്ത് ലീഗിന്റെ രജിസ്‌ട്രേഷന്‍ ഫോം കൈമാറ്റ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വ സംരക്ഷണത്തിനും ന്യൂനപക്ഷ പോരാട്ടങ്ങള്‍ക്കും മുസ്‌ലിം ലീഗ് എം പിമാര്‍ വഹിച്ച പങ്ക് സര്‍വ്വരാല്‍ അംഗീകരിക്കപ്പെട്ടതാണ്.
മാറിയ ഇന്ത്യയെ വീണ്ടെടുക്കാനുള്ള കഠിന പോരാട്ടമായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ഭാരവാഹികളായ മുജീബ് കാടേരി, ഫൈസല്‍ ബാഖവി തങ്ങള്‍, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജനറല്‍ സെക്രട്ടറി കെ ടി അശ്‌റഫ്, ഓണ്‍ രജിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബാവ വിസപ്പടി, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി നൗശാദ് മണ്ണിശ്ശേരി പ്രസംഗിച്ചു.