പൗരത്വ ഭേദഗതി ബില്ലിനെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ യുദ്ധം ചെയ്യും: പ്രധാനമന്ത്രി

Posted on: February 9, 2019 3:43 pm | Last updated: February 9, 2019 at 9:11 pm

ഗുവഹാത്തി: രാഷ്ട്രീയ നേട്ടത്തിനും വോട്ട് ബേങ്കിനുമായി പൗരത്വ ഭേദഗതി ബില്ലിനെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ താന്‍ യുദ്ധം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ഭേദഗതി ബില്ലിലൂടെ വടക്ക് കിഴക്കന്‍ ജനതക്ക് ദോഷമുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വിഭജന കാലം മുതല്‍ ന്യൂനപക്ഷ സമുദായങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു. അവര്‍ക്ക് അഭയം നല്‍കല്‍ ഇന്ത്യയുടെ ഉത്തരവാദിത്വമാണ്. പാര്‍ലമെന്റില്‍ ഞങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ ഡല്‍ഹിയില്‍ എസി മുറികളിലിരുന്ന് ബില്‍ സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പടര്‍ത്തുകയാണ്. എന്നാല്‍ അസമടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്‌കാരവും വിഭവങ്ങളും സംരക്ഷിക്കാന്‍ ബിജെപി പ്രതിജ്ഞാബന്ധമാണ്. സ്വന്തം വീടുകളില്‍നിന്നും പുറത്തുപോകാന്‍ നിര്‍ബന്ധിതരായവരുടെ വേദന ഉള്‍ക്കൊള്ളുന്നുവെന്നും മോദി പറഞ്ഞു. അതേ സമയം മോദിയുടെ സന്ദര്‍ശനത്തിനിടെ പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. രണ്ടിടത്ത് മോദിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി. വിവാദമായ പൗരത്വ ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തില്‍ ഒരു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് മോദി അസം സന്ദര്‍ശിക്കുന്നത്.