കള്ളപ്പണ കേസ്: റോബര്‍ട്ട് വാദ്രയെ മൂന്നാം തവണയും ചോദ്യം ചെയ്തു

Posted on: February 9, 2019 3:11 pm | Last updated: February 10, 2019 at 10:50 am

ന്യൂഡല്‍ഹി: കള്ളപ്പണ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാമതും ചോദ്യം ചെയ്തു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് പിറകെയാണ് ഇന്നും വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ലണ്ടനില്‍ 12 മില്യണ്‍ പൗണ്ട് വിലവരുന്ന വസ്തുവകകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

അതേ സമയം തനിക്ക് ലണ്ടനില്‍ വസ്തുവകകളില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചോദ്യം ചെയ്യലില്‍ വാദ്ര മൊഴി നല്‍കിയിരുന്നു. നിയമവിദഗ്ധര്‍ വഴി ലഭിച്ച ഇതേ വിശദീകരണം തന്നെയാകും ഇന്നു നടത്തിയ ചോദ്യം ചെയ്യലിലും വാദ്ര ആവര്‍ത്തിച്ചിരിക്കാന്‍ സാധ്യത. ബിനാമി പേരില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വാദ്രക്ക് പുറമെ ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരിയും ഇയാളുടെ ബന്ധുവും മറ്റ് രണ്ട് പേരും പ്രതികളാണ്. രാഷ്ട്രീയ പ്രേരിതമാണ് തനിക്കെതിരായ കേസെന്ന് വാദ്ര വിശദീകരിക്കുനന്ുണ്ട്. രണ്ട് ദിവസം നടന്ന ചോദ്യം ചെയ്യലില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് വാദ്ര എത്തിയിരുന്നത്.