ഗുരുവായൂരില്‍ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് രണ്ടുപേര്‍ മരിച്ചു

Posted on: February 8, 2019 7:25 pm | Last updated: February 9, 2019 at 10:09 am

തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഇടഞ്ഞോടിയ ആന രണ്ടുപേരെ ചവിട്ടിക്കൊന്നു. ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ ആനയാണ് ഇടഞ്ഞോടിയത്. കണ്ണൂര്‍ സ്വദേശിയായ ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി മുരുകന്‍ എന്നിവരാണ് മരിച്ചത്. ഏഴുപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയാണ് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് വിറളി പിടിച്ചോടിയത്. ഇതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്നു ബാബുവിനെ ചവിട്ടുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബാബു. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മുരുകന്‍ മരിച്ചത്.

കോട്ടപ്പടിയിലെ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനു കൊണ്ടുവന്നതായിരുന്നു ആനയെ. ഗൃഹപ്രവേശം നടത്തുന്ന വീട്ടുകാരാണ് ആനയെ ഉത്സവ എഴുന്നള്ളിപ്പിനു വേണ്ടി കൊണ്ടുവന്നിരുന്നത്. ഈ വീടിന്റെ മുറ്റത്തു തളച്ചിരുന്ന ആന അടുത്ത പറമ്പില്‍ നിന്ന് പടക്കം പൊട്ടുന്നതു കേട്ട് ഇടഞ്ഞോടുകയായിരുന്നു. ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാനെത്തി വീട്ടുമുറ്റത്തു നിന്നിരുന്ന രണ്ടു മേളക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.