കരിപ്പൂരില്‍ നിന്ന് ഡല്‍ഹിക്ക് നേരിട്ട് വിമാന സര്‍വീസ് വരുന്നു; മാര്‍ച്ച് 31 ന് ആരംഭിക്കും

Posted on: February 8, 2019 2:20 pm | Last updated: February 8, 2019 at 2:20 pm

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് മാര്‍ച്ച് 31 മുതല്‍ ആരംഭിക്കും. ഇന്‍ഡിഗോ എയര്‍ലൈനാണ് സര്‍വീസ് നടത്തുക. മുന്‍പ് കോയമ്പത്തൂര്‍ വഴി ചുറ്റി വളഞ്ഞ് പോയിരുന്ന സര്‍വീസിന് പകരമാണ് നേരിട്ടുള്ള ഡല്‍ഹി സര്‍വീസ്. സര്‍വീസ് ആരംഭിക്കുന്നതോടെ രാജ്യ തലസ്ഥാനത്തേക്ക് വളരെ വേഗം എത്താനുള്ള അവസരമാണ് ലഭിക്കുകയെന്ന് എംകെ രാഘവന്‍ എംപി പറഞ്ഞു.

നേരിട്ട് ഡല്‍ഹി സര്‍വീസ് ആരംഭിക്കുന്നതിനായി ഇടപണമെന്ന് നിരവധി പേര്‍ ആവശ്യമുന്നയിച്ചിരുന്നു. ഇത് പ്രവാസി സംഘടനകളേയും ജനപ്രതിനിധികളേയും വ്യോമയാന മന്ത്രാലയത്തേയും അറിയിച്ചിരുന്നു. ഇതിന് പുറമെ കരിപ്പൂരില്‍ നിന്ന് തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസ് ആരംഭിക്കാനുള്ള ശ്രമം തുടരുകയാണ്. എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ ആരംഭിക്കും. ഇക്കാര്യത്തില്‍ ഡിജിസിഎ, എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

എമിറേറ്റ്‌സ്, കുവൈറ്റ് എയര്‍ലൈന്‍ സര്‍വീസുകള്‍ക്കായി ശക്തമായ ശ്രമത്തിലാണ്. ഈ സര്‍വീസുകള്‍ വരുന്നതോടെ മലബാറിന്റെ കാര്‍ഷിക വാണിജ്യ മേഖലകള്‍ക്കും ഉണര്‍വുണ്ടാവുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.