സി ബി ഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് കോടതിയലക്ഷ്യം; നാഗേശ്വര റാവു നേരിട്ട് ഹാജരാകണം: സുപ്രീം കോടതി

Posted on: February 7, 2019 5:22 pm | Last updated: February 7, 2019 at 10:28 pm

ന്യൂഡല്‍ഹി: സി ബി ഐ ഉദ്യോഗസ്ഥന്‍ എ കെ ശര്‍മയെ സ്ഥലം മാറ്റിയ നടപടി കോടതിയലക്ഷ്യമാണെന്നും വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സിയുടെ മുന്‍ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര്‍ റാവു നേരിട്ടു ഹാജരാകണമെന്നും സുപ്രീം കോടതി. ഈമാസം 12ന് നാഗേശ്വര്‍ റാവു ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടത്.

സുപ്രീം കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. കോടതി ഉത്തരവു കൊണ്ട് കളിക്കരുതെന്നും ദൈവം നിങ്ങളെ സഹായിക്കട്ടെ എന്ന പരാമര്‍ശവും അദ്ദേഹം നടത്തി.

സി ബി ഐ ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ ഉടനെയാണ് എ കെ ശര്‍മയെ നാഗേശ്വര്‍ റാവു സ്ഥലം മാറ്റിയത്.