Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പര ധാരണയിലേക്ക് നീളുന്നു. സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരം വേണ്ടെന്ന കാര്യത്തില്‍ ഇരു പാര്‍ട്ടികളും ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. സീറ്റുകള്‍ പങ്കിടുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നാലും സിപിഎമ്മിന് രണ്ടും സീറ്റുകളുണ്ട്. വെള്ളിയാഴ്ച സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ യോഗം ചേരുന്നുണ്ട്. യോഗം ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയേക്കും. അതേ സമയം ഒന്നിച്ച് നില്‍ക്കുന്ന കാര്യത്തില്‍ ഇരു നേതൃത്വവും ധാരണയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രണ്ട് തവണ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം കൊല്‍ക്കത്ത് ബ്രിഗേഡ് മൈതാനിയില്‍ നടന്ന റാലി വന്‍ വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് സിപിഎം. ലക്ഷക്കണക്കിന് പേര്‍ റാലിയിയില്‍ പങ്കെടുക്കാനെത്തിയത് തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നും സിപിഎം കരുതുന്നു. അതേ സമയം കോണ്‍ഗ്രസ് സഖ്യം തിരിച്ചടിയാകുമെന്ന് ചിന്തിക്കുന്ന വിഭാഗവും സിപിഎമ്മിലുണ്ട്. ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെപോലെ പരസ്യമായ സഖ്യമുണ്ടാക്കുമോ അതോ സീറ്റ് ധാരണമാത്രമാകുന്ന എന്ന കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരും. അതേ സമയം തൃണമൂലുമായി തിരഞ്ഞെടുപ്പ് സഖ്യം വേണമെന്ന് കോണ്‍ഗ്രസില്‍ ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും അത് ആത്മഹത്യാപരമായിരിക്കുമെന്നാണ് നതൃത്വത്തിന്റെ വിലയിരുത്തല്‍.