Connect with us

National

ഗോ സംരക്ഷണം ഉപജീവനം തകര്‍ക്കുന്നു; മോദിക്കെതിരെ കര്‍ഷകര്‍

Published

|

Last Updated

ലക്‌നൗ: ഗോ സംരക്ഷണത്തിനായി കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബി ജെ പി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഹിന്ദുക്കളായ കര്‍ഷകര്‍ക്കു തന്നെ തിരിച്ചടിയായതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

ഗോ സംരക്ഷണത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ മൂലം പ്രായമായ പശുക്കളെ പോലും വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഇത് ഉപേക്ഷിക്കപ്പെടുന്ന പശുക്കളുടെ എണ്ണം കൂടാന്‍ ഇടയാക്കി. അലഞ്ഞുതിരിഞ്ഞ് ഇവ കൃഷിയിടങ്ങളിലെത്തി കൃഷി നാശമുണ്ടാക്കുന്നു. പശുക്കളില്‍ നിന്ന് കൃഷി സംരക്ഷിക്കാനായി യു പിയിലെയും മറ്റും കര്‍ഷകര്‍ രാത്രി മുഴുവന്‍ പാടങ്ങളില്‍ ഉറക്കമൊഴിച്ചു കാവലിരിക്കുകയാണ്. കാര്‍ഷിക വിളകള്‍ക്കു വില കിട്ടാത്തതും ഇവരെ അലട്ടുന്നുണ്ട്.

ഈ സാഹചര്യത്തില്‍ വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കും വോട്ടു ചെയ്യണോയെന്ന് രണ്ടുവട്ടം ആലോചിക്കുമെന്ന് യു പിയിലെ ഒമ്പതു ഗ്രാമങ്ങളിലെ നിരവധി കര്‍ഷകര്‍ വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കി. 2014ല്‍ മോദിക്ക് അനുകൂലമായെടുത്ത
നിലപാടില്‍ നിന്ന് പിന്മാറാനാണ് ഇവരുടെ നീക്കം.

ഗോമാംസം ഭക്ഷിക്കുന്നത് പാപമായി കരുതുന്നവരാണെങ്കിലും പ്രായമായ കന്നുകാലികളെ വില്‍ക്കാന്‍ കഴിയാത്തത് ഈ കര്‍ഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ഗോ രക്ഷക്കെന്ന പേരില്‍ എത്തുന്ന ബി ജെ പി, ആര്‍ എസ് എസ് സംഘങ്ങള്‍ അറവുകേന്ദ്രങ്ങള്‍ക്കും കാലികളെ കയറ്റി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കുമെതിരെ ആക്രമണം അഴിച്ചുവിടുന്നതും കര്‍ഷകര്‍ക്കു വിനയായി. ബന്ധുക്കള്‍ക്കു പോലും കാലികളെ കൈമാറാനാകാത്ത സ്ഥിതിയുണ്ടെന്ന് മഥുരയിലെ ഒരു കര്‍ഷകന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

കാലിക്കച്ചവടക്കാര്‍ക്കെതിരായ ആക്രമണം കാളകളുടെ വിപണി തകരാന്‍ ഇടയാക്കിയിട്ടുണ്ട്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും ഇത് സാരമായി ബാധിച്ചിരിക്കുകയാണ്.

Latest