Connect with us

Kerala

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: ഒഎം ജോര്‍ജ് ഒളിവില്‍ കഴിഞ്ഞത് കര്‍ണാടകയില്‍

Published

|

Last Updated

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കോണ്‍ഗ്രസ് മുന്‍ നേതാവും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഒ എം ജോര്‍ജ് ഒളിവില്‍ കഴിഞ്ഞത് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍. പീഡനവിവരം പുരത്തറിഞ്ഞതോടെ ബത്തേരിയില്‍ നിന്നു കെഎസ്ആര്‍ടിസി ബസില്‍ ഗുണ്ടല്‍പേട്ടയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

ഇവിടെ നിന്ന് ശ്രീരംഗപട്ടണത്തേക്ക് പോയി. ഇവിടെ ഉള്‍പ്രദേശത്തെ ഒരു ലോഡ്ജില്‍ രണ്ട് ദിവസം തങ്ങി. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാത്തതിനാല്‍ രേഖപ്രകാരമായിരുന്നില്ല താമസം. ഇതിനാല്‍ പ്രധാനപ്പെട്ട ലോഡ്ജുകളില്‍ ഒന്നും മുറി കിട്ടാതെയാണ് അവസാനം ഉള്‍പ്രദേശത്തുള്ള ലോഡ്ജില്‍ രേഖയില്ലാതെ താമസിച്ചത്. എന്നാല്‍ പോലീസ് കര്‍ണ്ണാടകയില്‍ അന്വേഷിക്കുന്നുണ്ടെന്ന നിഗമനത്തില്‍ രണ്ട് ദിവസം മാത്രമാണ് ശ്രീരംഗപട്ടണത്ത് തങ്ങിയത്. പിന്നീട് ബെംഗളൂരുവലേക്ക് പോയി. ഇവിടെയും തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ജോര്‍ജിന് പ്രധാന ലോഡ്ജുകളിലും ഹോട്ടലുകളിലും മുറി ലഭിച്ചില്ല. ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷനിലുമാണ് തങ്ങിയത്. തുടര്‍ന്ന് മൈസൂരിലെത്തി പലയിടത്തായി കഴിച്ചുകൂട്ടി. തുടര്‍ന്ന് ഒരു ലോറിയില്‍ കയറി സുല്‍ത്താന്‍ബത്തേരിയില്‍ തിരിച്ചെത്തി. ബത്തേരിയിലെ ബന്ധുവീട്ടിലേക്കാണ് ഇയാള്‍ പോയത്. പിന്നീട് ബന്ധുക്കളോടൊപ്പമെത്തിയാണ് ഒ എം ജോര്‍ജ് ഇന്നലെ രാവിലെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയത്. കഴിഞ്ഞയാഴ്ചയാണ് ജോര്‍ജിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി തന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ജില്ലാ ശിശുക്ഷേമ വകുപ്പ് തണല്‍ ടോള്‍ ഫ്രീ നമ്പറിലേക്ക് വന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഒന്നര വര്‍ഷക്കാലമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്. പോക്‌സോക്ക് പുറമെ ബലാത്സംഗം, പട്ടിക വര്‍ഗക്കാര്‍ക്കെതിരെയുള്ള പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെ ജോര്‍ജിനെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Latest