National
നോട്ട് നിരോധത്തിന് ശേഷം തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്കുകളില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നോട്ട് നിരോധത്തിന് ശേഷമുണ്ടായ തൊഴിലില്ലായ്മയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ സര്‍ക്കാറിന്റെ കൈയിലില്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം. രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാന്‍വാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനത്തിന് ശേഷം രാജ്യം നേരിട്ടത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ നാഷനല്‍ സാമ്പിള്‍ സര്‍വീസ് ഓഫീസ് നടത്തിയ സര്‍വേ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നത്. നാഷനല്‍ സാമ്പിള്‍ സര്‍വീസ് ഓഫീസിന്റെ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ഈ കണക്കുകള്‍ ഒരു ദേശീയ മാധ്യമം വഴി പുറത്തുവരികയായിരുന്നു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇക്കാര്യങ്ങള്‍ ഒളിപ്പിച്ചുവെക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.