Connect with us

Ongoing News

ഇനി വെടിക്കെട്ട്; തിരിച്ചുവരവിന് ന്യൂസിലാന്‍ഡ്, പിടിച്ചടക്കാന്‍ ഇന്ത്യ

Published

|

Last Updated

വെല്ലിംഗ്ടണ്‍: ലോകകപ്പ് വര്‍ഷം ഇന്ത്യയോട് ഏകദിന പരമ്പര കൈവിട്ട ന്യൂസിലാന്‍ഡിന് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരമാണ് ടി20 പരമ്പര. ചെറിയ ക്രിക്കറ്റ് ഫോര്‍മാറ്റിന്റെ എല്ലാ ആവേശവും ഉറപ്പ് നല്‍കുന്ന പോരിന് ഇന്ന് തുടക്കം. ന്യൂസിലാന്‍ഡില്‍ ടി20 പരമ്പര ഇതുവരെ നേടിയിട്ടില്ല ഇന്ത്യ. 2009 ല്‍ 2-0നാണ് പരമ്പര തോറ്റത്.

ക്യാപ്റ്റന്‍ വിരാട് കോലിയും ലോകേഷ് രാഹുലും ടി20 സ്‌ക്വാഡില്‍ ഇല്ല. ഇതോടെ, മൂന്നാം നമ്പറില്‍ ആരിറങ്ങുമെന്നത് ചോദ്യചിഹ്നമായി. ശുഭ്മാന്‍ ഗില്ലിനാകും നറുക്ക് വീഴുക. രണ്ട് ഏകദിന മത്സരങ്ങളില്‍ ഏഴ്, ഒമ്പത് റണ്‍സാണ് ശുഭ്മാന് സ്‌കോര്‍ ചെയ്യാനായത്. എന്നാല്‍, പ്രതിഭാധനനായ താരത്തിന് കൂടുതല്‍ അവസരം നല്‍കേണ്ടതുണ്ടെന്ന് കോച്ച് രവിശാസ്ത്രി പറഞ്ഞു.

കിവീസിന്റെ ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ഗുപ്ടിലും ഇല്ല. ഇതോടെ, ക്യാപ്റ്റന്‍ കാന്‍ വില്യംസണിന് ഓപണ്‍ ചെയ്യേണ്ടതായി വരും. 54 ടി20 മത്സരം കളിച്ച വില്യംസന്‍ 27 മത്സരങ്ങളില്‍ ഓപണറായിട്ടുണ്ട്. ഓപണറായി 38.52 ആണ് വില്യംസണിന്റെ ബാറ്റിംഗ് ശരാശരി.
ലോകകപ്പിന് മുന്നോടിയായി മികച്ച ലൈനപ്പ് കണ്ടെത്താനുള്ള അവസരമായിട്ടാണ് ന്യൂസിലാന്‍ഡ് ഈ പരമ്പരയെ കാണുന്നത്.
സമീപകാലത്ത് ടി20യില്‍ കിവീസിന്റെ ഫോം അത്ര മികച്ചതല്ല. ഏഴ് കളികളില്‍ ജയിച്ചത് രണ്ടെണ്ണം. മൂന്ന് ഫോര്‍മാറ്റുകളില്‍ കിവീസ് ഏറ്റവും ദുര്‍ബലം ടി20യിലാണ്. ഐ സി സി റാങ്കിംഗില്‍ ആറാം സ്ഥാനം.

അതേ സമയം, ഇന്ത്യ അവസാനം കളിച്ച പത്ത് ടി20 പരമ്പരകളും ജയിച്ചിട്ടുണ്ട്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യും. ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ ആദ്യ ഏഴില്‍ ഉള്‍പ്പെടും. എട്ടാംസ്ഥാനത്തേക്ക് ക്രുനാല്‍ പാണ്ഡ്യയും കെദാര്‍ യാദവും തമ്മിലാണ് മത്സരം. ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ പന്തെടുക്കും. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവോ യുവേന്ദ്ര ചഹലോ എന്നത് രാവിലെ അറിയാം.

ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യുക കാന്‍ വില്യംസനും കോളിന്‍ മണ്‍റോയും ചേര്‍ന്ന്.ടിം സെഫെര്‍ട്, റോസ് ടെയ്‌ലര്‍, ജെയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഹോമെ, മിച്ചല്‍ സാന്റ്‌നര്‍, സ്‌കോട് കുഗ്ഗെലീന്‍, ഡൗഗ് ബ്രാസ്വെല്‍, ടിം സൗത്തി, ഇഷ് സോധി എന്നിവരും കിവീസിന്റെ സാധ്യതാ ഇലവനിലുണ്ട്.

---- facebook comment plugin here -----

Latest