ശബരിമല കേസില്‍ ഇന്ന് വിധിയില്ല; വാദം പൂര്‍ത്തിയായി, വിധി പറയാന്‍ മാറ്റി

Posted on: February 6, 2019 9:10 am | Last updated: February 6, 2019 at 10:58 pm

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധി പുന:പരിശോധനാ ഹരജികളില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ മാറ്റി. മൂന്നരമണിക്കൂറിനിടെ 65 ഹരജികളിലാണ് ഭരണഘടനാ ബഞ്ച് വാദം കേട്ടത്. വിധി പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തുല്യതയാണ് വിധിയുടെ അടിസ്ഥാനമെന്നും തൊട്ടുകൂടായ്മ അല്ലെന്നും സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത പറഞ്ഞു.
ചില വാദങ്ങള്‍ പരിഗണിച്ചില്ല എന്നത് പുനഃപരിശോധനക്ക് അടിസ്ഥാനമല്ല.

കോടതിയാണ് ഏതൊക്കെ വാദങ്ങള്‍ പരിഗണിക്കണം, വേണ്ട എന്ന് തീരുമാനിക്കേണ്ടത്. തുല്യത മതസ്ഥാപനങ്ങള്‍ക്ക് ബാധകമാണ്. തൊട്ടുകൂടായ്മയില്‍ അടിസ്ഥാനപ്പെടുത്തിയല്ല വിധി വന്നിരിക്കുന്നത്. അതുകൊണ്ട് അക്കാര്യം ചൂണ്ടിക്കാട്ടി വിധി പുനഃപരിശോധിക്കണം എന്ന് പറയാനാകില്ല. ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ടസമിതിയുടെ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. റിവ്യൂ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ വാദത്തോടെ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു.

എന്‍എസ്എസിന് വേണ്ടി ഹാജരായ പരാശരനാണ് വാദം ആരംഭിച്ചത്. തുടര്‍ന്ന് ശബരിമല തന്ത്രിക്ക് വേണ്ടി വി ഗിരി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി മനു അഭിഷേക് സിംഗ്‌വി, ബ്രാഹ്മണ സഭക്ക് വേണ്ടി ശേഖര്‍ നാഫ്‌ടെ തുടങ്ങിയവരും വാദിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്പുനഃപരിശോധനാ ഹരജികള്‍ ഉള്‍പ്പടെ 65 ഓളം ഹരജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. 55 പുനഃപരിശോധനാ ഹരജികള്‍, നാല് റിട്ട് ഹരജികള്‍, രണ്ട് ട്രാന്‍സഫര്‍ ഹരജികള്‍, രണ്ട് സ്‌പെഷ്യല്‍ ലീവ് പെറ്റിഷനുകള്‍, ഒരു സാവകാശ ഹരജി എന്നിവ ഉള്‍പ്പെടെയാണ് ഇന്ന് പരിഗണിക്കുന്ന ലിസ്റ്റിലുള്ളത്. പുനഃപരിശോധനാ ഹരജികള്‍ ജനുവരി 22ന് കേള്‍ക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാല്‍ മാറ്റിവെക്കുകയായിരുന്നു.