കൊടുവള്ളി സിറാജ് മേല്‍പ്പാലം നിര്‍മാണം ദ്രുതഗതിയിലാക്കും

Posted on: February 5, 2019 4:45 pm | Last updated: February 5, 2019 at 4:46 pm
കൊടുവള്ളി സിറാജ് ബൈപ്പാസ് റോഡ് ഫ്‌ളൈ ഓവര്‍ നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ തിരുവനന്തപുരത്ത് എം എല്‍ എമാരായ കാരാട്ട് റസാഖ്, പി ടി എ റഹീം എന്നിവരുടെ സാന്നിധ്യത്തില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം

കൊടുവള്ളി: ടൗണിലെ സിറാജ് ഫ്‌ളൈ ഓവര്‍ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കുന്നതിന് കൊടുവള്ളി മഹല്ല് പള്ളിയുടെ ഖബര്‍സ്ഥാനുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കുന്നതിനും പള്ളി ഭാഗത്ത് കൂടി കടന്നുപോകുന്ന സര്‍വീസ് റോഡ് ഒഴിവാക്കുന്നതിനും തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം തീരുമാനിച്ചു.

എം എല്‍ എമാരായ കാരാട്ട് റസാഖ്, പി ടി എ റഹീം എന്നിവരുടെ സാന്നിധ്യത്തില്‍ കിഫ്ബി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി 55.58 കോടി ചെലവഴിച്ചാണ് സിറാജ് മേല്‍പ്പാലം നിര്‍മിക്കുന്നത്.
സിറാജ് ബൈപ്പാസ് കടന്നുപോകുന്നത് കൊടുവള്ളി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനും യതീംഖാന പള്ളിയുടെ മിനാരവും ഉള്‍പ്പെട്ട തരത്തിലുള്ള അലൈമെന്റായിരുന്നു നേരത്തെയുള്ളത്. എന്നാല്‍ ഇത് രണ്ടും ഒഴിവാക്കിയാല്‍ മാത്രമേ ഈ പദ്ധതി വേഗത്തിലാക്കാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രിതലത്തില്‍ തന്നെ നിര്‍ദേശമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി കാരാട്ട് റസാഖ് എം എല്‍ എയുടെ സാന്നിധ്യത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ജനുവരി 14ന് സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ തിരുവനന്തപുരത്ത് എം എല്‍ എമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.

സി എം ഡി കണ്‍സല്‍ട്ടന്റുമാരായ വി ജി ഹരി, ദീപക് ബെന്നി, ഡയറക്ടര്‍ ഡോ. ജി സുരേഷ്, പ്രൊഫ. ഡോ. എ സുദര്‍ശന്‍, അസോ. പ്രൊഫ. ഡോ. ആര്‍ സി സാബു, കിഫ്ബി സി ഇ ഒ. ഡോ. കെ എം എബ്രഹാം, ജി എം പി എ ഷൈല, പ്രോജക്ട് മാനേജര്‍ ആര്‍ കെ ദീപു, അസി. പ്രോജക്ട് മാനേജര്‍ പി മാത്യു ഫ്രാന്‍സിസ്, പ്രോജക്ട് അസിസ്റ്റന്റ് രാകേഷ്, ആര്‍ ബി ഡി സി കെ ലിമി. പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ വി പി വത്സരാജ് യോഗത്തില്‍ പങ്കെടുത്തു.