ഇറാനെ നിരീക്ഷിക്കാന്‍ യു എസ് സൈന്യം ഇറാഖില്‍ തുടരും: ട്രംപ്

Posted on: February 4, 2019 10:41 pm | Last updated: February 4, 2019 at 10:41 pm

ന്യൂയോര്‍ക്ക്: ഇറാന് മേല്‍ നിരീക്ഷണം ശക്തമാക്കാന്‍ അമേരിക്കന്‍ സൈന്യം ഇറാഖില്‍ തുടരേണ്ടത് അനിവാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സി ബി എസ് ഫേസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ സൈന്യത്തിന് ഇറാഖില്‍ സൈനിക കേന്ദ്രം ഉണ്ടായിരിക്കേണ്ടതിന്റെ അനിവാര്യത അഭിമുഖത്തില്‍ അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. പടിഞ്ഞാറന്‍ ഇറാഖിലെ അയ്‌നല്‍ അസദില്‍ നിലവില്‍ അമേരിക്കക്ക് സൈനിക താവളമുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഇറാഖ് അധികൃതരെ അറിയിക്കാതെ ട്രംപ് ഇവിടെ രഹസ്യമായി സന്ദര്‍ശിച്ചിരുന്നു.
ഇറാന്‍ യഥാര്‍ഥത്തില്‍ വലിയ പ്രശ്‌നമാണ്. അതുകൊണ്ട് ഇറാഖില്‍ സൈനിക കേന്ദ്രം ഉണ്ടാവേണ്ടത് അമേരിക്കയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. പശ്ചിമേഷ്യയിലെ നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഇതിന് പിന്നിലെല്ലാം ഇറാനാണെന്നും അദ്ദേഹം അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.
എന്നാല്‍ ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ ഉപയോഗിച്ച് ഇറാനെതിരെ

സൈനിക നടപടി ഉണ്ടാകുമോ എന്ന ചോദ്യത്തോട്, അതൊരിക്കലുമില്ല, നിരീക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും ട്രംപ് പ്രതികരിച്ചു. പശ്ചിമേഷ്യയില്‍ പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, അവിടെ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് ഉചിതമല്ലെന്നാണ് തന്റെ അഭിപ്രായമെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
സിറിയയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സൈനിക കേന്ദ്രങ്ങള്‍ ഇറാഖിലേക്ക് മാറ്റുന്നതിനെ കുറിച്ച് ഇറാഖ് നേതൃത്വവുമായി അമേരിക്ക ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയില്‍ നിന്ന് രണ്ടായിരത്തോളം വരുന്ന അമേരിക്കന്‍ സൈനികരെ ഉടന്‍ പിന്‍വലിക്കുമെന്ന് ട്രംപ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്‍ വിനാശകരമായ ആയുധങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു അമേരിക്ക ഇറാഖിനെ ആക്രമിച്ചിരുന്നത്. ഇത് പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തിന്, അതുസംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങളില്‍ തെറ്റുപറ്റിയിട്ടില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.

‘ഭീകരവിരുദ്ധ പോരാട്ടത്തിനപ്പുറമൊന്നും ഇറാഖിന്റെ മണ്ണില്‍ വേണ്ട’

ബഗ്ദാദ്: ഇറാനെ നിരീക്ഷിക്കാന്‍ ഇറാഖില്‍ സൈനിക കേന്ദ്രം തയ്യാറാക്കുന്നതിന് അമേരിക്ക തങ്ങളുടെ അനുമതി ചോദിച്ചിട്ടില്ലെന്ന് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ്. ഇറാഖിലെ സൈനിക കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി ഇറാന് മേല്‍ നിരീക്ഷണം നടത്തുമെന്ന ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതക്കെതിരെ പോരാടുക എന്ന പ്രത്യേക ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയ കരാര്‍ പ്രകാരമാണ് ഇറാഖില്‍ അമേരിക്കന്‍ സൈന്യം തുടരുന്നത്. ഇതിന് പുറത്തുള്ള എന്തെങ്കിലും നടപടികളിലേക്ക് സൈന്യം പ്രവേശിക്കുന്നത് സ്വീകാര്യമാകില്ല. അമേരിക്കയുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടി ഇറാഖിന് മേല്‍ അധികഭാരം ചുമത്തരുത്. അമേരിക്ക സുപ്രധാന രാജ്യമാണ്. എന്നാല്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് മാത്രം അമേരിക്ക മുന്‍ഗണന നല്‍കരുത്. തങ്ങള്‍ ഇറാഖില്‍ ജീവിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനുമായി സൗഹൃദം തുടരുകയെന്നത് ഇറാഖിന്റെ അടിസ്ഥാനപരമായ താത്പര്യമാണ്. അതുപോലെ അതിര്‍ത്തി രാജ്യങ്ങളുമായെല്ലാം നല്ലബന്ധമാണ് ഇറാഖ് താത്പര്യപ്പെടുന്നതെന്നും പ്രസിഡന്റ് ബര്‍ഹാം സാലിഹ് പറഞ്ഞു.